• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കവളപ്പാറ മലയുടെ അടിവാരത്തില്‍ തകര്‍ന്നടിഞ്ഞത്‌ കുറെ സ്വപ്‌നങ്ങള്‍

കവളപ്പാറ മല. ഉരുള്‍പൊട്ടിയെത്തിയ മണ്ണില്‍ കലങ്ങിയൊഴുകുന്ന പുഴ. താഴെ തകര്‍ന്നുവീണ കുറെ വീടുകളും കടപുഴകിയ മരങ്ങളും. കാഴ്‌ചകളെല്ലാം ഒരു മഹാദുരന്തത്തിന്റെ തിരുശേഷിപ്പുകള്‍. മണ്ണില്‍പുതഞ്ഞുകിടക്കുന്ന കവളപ്പാറമലയിലെ അന്തേവാസികള്‍ അറുപതിനടുത്താണ്‌. എല്ലാകണ്ണുകളും നീളുന്നത്‌ ജെസിബിയുടെ നീളന്‍ കൈകളിലേക്ക്‌.

നൂറേക്കര്‍ ദുരന്തസ്ഥലത്ത്‌ പത്തു പന്ത്രണ്ട്‌ ജെസിബികളുണ്ട്‌്‌ തിരച്ചില്‍ നടത്താന്‍. ഇവയ്‌ക്കരികില്‍ നെടുവീര്‍പ്പോടെ കാത്തുനില്‍ക്കുന്നവരില്‍ മണ്ണിനടിയില്‍പ്പെട്ടവരുടെ ബന്ധുക്കളുണ്ട്‌. തിരച്ചിലിന്‌ സഹായിക്കാന്‍ ഹൃദയവേദന കടിച്ചമര്‍ത്തിനില്‍ക്കുന്ന കുറെ മനുഷ്യക്കോലങ്ങളുമുണ്ട്‌.

അമ്പതടി വരെ താഴ്‌ചയിലാണ്‌ വീടുകള്‍ക്കകത്ത്‌ മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നത്‌. മണ്ണുമാന്തിയും കോണ്‍ക്രീറ്റ്‌ പൊളിച്ചെടുത്തും ഇവരെ രക്ഷിക്കുകയെന്നത്‌ അതീവ ദുഷ്‌കരമായിരിക്കുന്നു.

കവളപ്പാറ മല മുഴുവന്‍ മൂടിനില്‍ക്കുന്ന കോടയും ഇടയ്‌ക്കിടെ ചാറിക്കൊണ്ടിരിക്കുന്ന മഴയുമൊക്കെ രക്ഷാപ്രവര്‍ത്തകരില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്‌. ദേശീയ ദുരന്തനിവാരണസേനയുടെയും സന്നദ്ധസംഘടനകളുടെയും നൂറുകണക്കിന്‌ സേവകരാണ്‌ ഇവിടെ പകല്‍മുഴുവന്‍ അധ്വാനത്തിന്‌ ഉള്ളത്‌. ഒപ്പം ഭക്ഷണവുമായും മറ്റ്‌ സഹായങ്ങളുമായും എത്തുന്നവര്‍ വേറെ. മൃതദേഹം കണ്ടെടുക്കുമ്പോള്‍ത്തന്നെ കൊണ്ടുപോകാന്‍ ആംബുലന്‍സുകളും തയ്യാര്‍. വഴിയൊരുക്കാന്‍ പോലീസുമുണ്ട്‌ ഒപ്പം.

കേരളത്തെ ഞെട്ടിച്ച വയനാട്‌ പുത്തുമലയിലെ ഉരുള്‍പൊട്ടലിന്റെ ഭീകരതയും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. പുത്തുമലയില്‍ രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടായി. ഇടിവെട്ടുന്നതു പോലൊരു ശബ്ദം കേട്ടു നാട്‌ നടുങ്ങി വിറച്ചതാണ്‌. പിറ്റേന്ന്‌ പകല്‍വെളിച്ചം പരന്നപ്പോഴാണറിയുന്നത്‌ ഇന്നലെ വരെയുണ്ടായിരുന്ന ഒരു ഗ്രാമം തന്നെ മണ്ണുമൂടിപ്പോയിരിക്കുന്നുവെന്ന്‌...

Top