മുംബൈ: നടനും എംഎല്‍എയുമായ മുകേഷിനെതിരേ ഉന്നയിച്ച ആരോപണം രാഷ്ട്രീയവത്കരിച്ചതിനെതിരേ ബോളിവുഡ് സിനിമകളിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ്. ഇത് തന്റെ മാത്രം കഥയാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അജന്‍ഡകള്‍ക്കായി ഇതിനെ ഉപയോഗിക്കരുതെന്നും ടെസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
എന്റെ കഥ രാഷ്ട്രീയവത്കരിക്കപ്പെട്ടതായി അറിയുകയും കാണുകയും ചെയ്യുന്നു. എനിക്ക് പറയാനുള്ളത് ഇതാണ്- ഇത് എന്റെ കഥയാണ്, നിങ്ങളുടെ രാഷ്ട്രീയമല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തി വിഷയം രാഷ്ട്രീയമാക്കിയത് ശരിയായില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അജന്‍ഡകള്‍ക്കായി എന്റെ കഥ ഉപയോഗിക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല- ടെസ് പത്രക്കുറിപ്പില്‍ പറഞ്ഞു. സംവിധാനങ്ങളില്‍ തകര്‍ന്നുകിടക്കുന്ന സ്ത്രീകളുടെ ഭാഗം ശരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ നേരിട്ട പ്രശ്നം തുറന്നുപറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
19 വര്‍ഷം മുന്‍പ് ഒരു സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണം നടക്കുന്നതിനിടെ ചെന്നൈയിലെ തന്റെ ഹോട്ടല്‍മുറിയിലേക്ക് തുടരെ ഫോണ്‍ ചെയ്ത് മുകേഷ് ശല്യപ്പെടുത്തിയെന്നായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. പരിപാടിയുടെ അവതാരകനായിരുന്ന മുകേഷിന്റെ ശല്യം സഹിക്കാനാവാതെ താന്‍ പിന്നീട് സുഹൃത്തിന്റെ മുറിയിലേക്കു മാറി. ഇതിനു പിന്നാലെ അടുത്ത എപ്പിസോഡിന്റെ ചിത്രീകരണ സമയത്ത് തന്റെ മുറി മുകേഷിന്റെ മുറിയുടെ തൊട്ടടുത്തേക്ക് മാറ്റാന്‍ ഹോട്ടല്‍ അധികൃതരോട് മുകേഷ് ആവശ്യപ്പെടുകയും അവര്‍ അതു ചെയ്യുകയും ചെയ്തു. അന്ന് തന്റെ ബോസായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഡെറക് ഒബ്രിയനോട് കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ അദ്ദേഹം അടുത്ത ഫ്ളൈറ്റില്‍ നാട്ടിലേക്കു മടങ്ങാന്‍ തന്നെ സഹായിച്ചുവെന്നും അതിന് അദ്ദേഹത്തോട് നന്ദി പറയുന്നതായും ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
അതേസമയം, തനിക്കെതിരേ ആരോപണം ഉന്നയിച്ച ടെസ് ജോസഫിനെ അറിയില്ലെന്ന് മുകേഷ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഓര്‍മയില്ലെന്നും ആരോപണത്തെ ചിരിച്ച് തള്ളുന്നതായും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.