കൊച്ചി: മദ്യത്തിന് 200 ശതമാനമായി വില്‍പ്പന നികുതി വര്‍ധിപ്പിച്ച ബജറ്റ് നിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഇതോടെ സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യത്തിന് വില കൂടും. കഴിഞ്ഞ ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ദ്ധന. വില്‍പന നികുതി 200 ശതമാനമാകുന്നതോടെ മദ്യത്തിന്റെ വില ക്രമാതീതമായി ഉയരും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവില്‍ 135 ശതമാനമാണ്.
ബിയറിന്റെ നികുതി നൂറു ശതമാനമായി ഉയരും. മുപ്പത് ശതമാനത്തിന്റെ അധിക വര്‍ദ്ധനയാണ് ഉള്ളത്. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപ മുതല്‍ 40 രുപ വരെ വില വര്‍ധിക്കും.
അതേ സമയം വിദേശ നിര്‍മിത വിദേശ മദ്യത്തിനു നികുതി കുറച്ചിട്ടുണ്ട്. എന്നാല്‍ നികുതി കുറവ് വരുത്തിയത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും മന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. വാങ്ങാന്‍ ആളില്ലാത്തത് കണക്കിലെടുത്താണ് വിദേശനിര്‍മിത വിദേശമദ്യത്തിനു നികുതി കുറച്ചത്.
വിദേശ മദ്യത്തിന് 4500 രൂപയ്ക്കു ബവ്‌റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കാന്‍ സാധിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ഇതേ മദ്യം ഇറക്കുമതി ചെയ്തു പെഗ് റേറ്റില്‍ നല്‍കാം. കുപ്പി അതേപടി വില്‍ക്കാന്‍ കഴിയില്ല. ഈ പുതിയ നികുതി നിരക്ക് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നു പഠിച്ച ശേഷം ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു