തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കി വരുന്ന ധനസഹായത്തിന് പുറമേ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കാനും നിര്‍ദ്ദേശമുണ്ട്.
നഷ്ടപരിഹാര വിതരണത്തില്‍ കാലതാമസം വരാതെ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുമ്ബ് ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നഷ്‌ടപരിഹാരത്തുക കൊടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഉടന്‍ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആദിവാസികള്‍ക്ക് നല്‍കി വരുന്ന സൗജന്യറേഷന്‍ വീടുകളിലെത്തിക്കാന്‍ നടപടി ഉണ്ടാകണം. വെള്ളപ്പൊക്കം മൂലം കിണര്‍ മലിനമായ സ്ഥലങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണം. രോഗങ്ങള്‍ പടരാതിരിക്കാന്‍ പൊതുജനാരോഗ്യ വകുപ്പിെന്റ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.