തിരൂര്‍: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. തിരൂര്‍ എസ്. എസ്. എം. പോളിടെക്നിക്കില്‍ പൂര്‍വവിദ്യാര്‍ത്ഥിസംഗമം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കലാലയരാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ പ്രതികരിച്ചത്. 'ആദ്യം ഏതെങ്കിലുമൊരു ഡിഗ്രി സമ്ബാദിക്കൂ, എന്നിട്ടുമതി പാര്‍ട്ടിപ്രവര്‍ത്തനം.' എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. എറണാകുളം മഹാരാജാസ് കോളേജില്‍നടന്ന അരുംകൊലയെപ്പറ്റി സൂചിപ്പിച്ചായിരുന്നു പരാമര്‍ശം.
'പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേര്‍തിരിവുകളുണ്ടായിക്കൂടാ. തമ്മില്‍ സഹോദരീസഹോദരങ്ങളെപ്പോലെ പെരുമാറുന്ന സാഹചര്യമുണ്ടാകണം. ഈ കാലയളവില്‍ മറ്റുപ്രശ്‌നങ്ങളില്‍ ഇടപെടുന്നത് പഠനത്തിലെ ഏകാഗ്രത ഇല്ലാതാക്കും. ഡിഗ്രി സമ്ബാദിച്ചതിനുശേഷം ജോലിയോ പാര്‍ട്ടിയോ എന്തുമായിക്കോട്ടെ. തിരുവനന്തപുരത്തെ ലോ അക്കാദമിയില്‍ മുമ്ബ് പ്രിന്‍സിപ്പലിനെതിരെ നടന്ന സമരവും കലാലയാന്തരീക്ഷത്തിന്റെ സ്വസ്ഥത കെടുത്തി.
ഭരണഘടനയുടെ ആമുഖം കുട്ടികളെ നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പുറത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കൃത്യമായ ബോധം അവര്‍ക്കുണ്ടായാല്‍ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന സമൂഹമുണ്ടാകും. എങ്കില്‍ പൊതുമുതല്‍ അടിച്ചുതകര്‍ക്കുന്നവരും തമ്മില്‍ കലഹിക്കുന്നവരും ഇവിടെ ഉണ്ടാവില്ല-സദാശിവം പറഞ്ഞു.