തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തെ കരകയറ്റാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിനു പിന്നാലെ പുതിയ സംഭവവികാസങ്ങള്‍. സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. അപ്പീല്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശവും സര്‍ക്കാര്‍ തേടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം നല്‍കാതിരിക്കാന്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഹൈക്കോടതി നേരത്തെ സ്റ്റേചെയ്തിരുന്നു.വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ തുക പിടിക്കുമെന്ന പത്താം വ്യവസ്ഥയ്ക്കാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. വിസമ്മതപത്ര വ്യവസ്ഥയില്‍ നിര്‍ബന്ധനയുടെ ധ്വനിയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.ടി. രവികുമാറും ജസ്റ്റിസ് എ.എം. ബാബുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
എന്‍.ജി.ഒ. സംഘിനുവേണ്ടി പ്രസിഡന്റ് പി. സുനില്‍ കുമാറുള്‍പ്പെടെ നാലുപേരാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയാണ് ഹര്‍ജിക്കാര്‍ ആദ്യം സമീപിച്ചിരുന്നതെങ്കിലും ആവശ്യം അനുവദിച്ചില്ല. ഇതിനെതിരേയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിമുഖതയുള്ളവര്‍ വിസമ്മതം അറിയിക്കണമെന്നു പറയുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്നും സാമ്ബത്തിക സ്ഥിതിക്കനുസരിച്ച് തുക നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
എന്നാല്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. താത്പര്യമില്ലെങ്കില്‍ വിസമ്മതം അറിയിക്കാന്‍ വ്യവസ്ഥയുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.ഒരു സ്ഥാപനത്തിലും ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയിരുന്നു.എന്നാല്‍ സംഭാവന നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാന്‍ ഈ ഉത്തരവ് തടസ്സമല്ലെന്നും ഹര്‍ജി സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നും കോടതി പറഞ്ഞു.
മാത്രമല്ല ആത്മാഭിമാനം നഷ്ടമാകുന്നതിനേക്കാള്‍ നല്ലത് ആയിരം തവണ മരിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ അത് അനുമതിയായി കാണുമോയെന്ന് കോടതി ചോദിച്ചപ്പോള്‍ സമ്മതമായി കാണുമെന്നും ഗഡുക്കളായേ തുക പിടിക്കൂവെന്നും അഡ്വക്കേറ്റ് ജനറല്‍ മറുപടിനല്‍കി. ജീവനക്കാരന്‍ അനുമതി എഴുതിനല്‍കിയാലേ തുക പിടിക്കാവൂ എന്ന് കര്‍ണാടക ഹൈക്കോടതി വിധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രളയദുരിതാശ്വാസത്തിന് ജീവനക്കാരന്റെ ഒരു മാസത്തെ മൊത്തം ശമ്ബളമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നിശ്ചിത തുക നല്‍കണമെന്ന് സമ്മതം എഴുതിവാങ്ങുകപോലും ചെയ്യാതെ സര്‍ക്കാര്‍ ഇങ്ങനെ പറയുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. 20,000 രൂപ മൊത്തം ശമ്ബളമുള്ള ഒരാള്‍ക്ക് ചിലപ്പോള്‍ പിടിത്തംകഴിഞ്ഞ് 10,000 രൂപയേ കിട്ടുന്നുണ്ടാവൂ എന്ന് കോടതി ഓര്‍മിപ്പിച്ചു.
പത്താം വ്യവസ്ഥയെന്നാല്‍
ഒരു മാസത്തെ ശമ്ബളം സംഭാവനയായി നല്‍കുന്നതിന് വിമുഖതയുള്ള ജീവനക്കാരൊഴികെ എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കേണ്ടതാണ്. സംഭാവന നല്‍കുന്നതിന് വിമുഖതയുള്ള ജീവനക്കാര്‍ അനുബന്ധമായി നല്‍കിയിട്ടുള്ള പ്രസ്താവന നല്‍കണം.