സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു .തൃശൂര്‍ പ്രൊഫിന്‍സ് കോളജിലെ സി.എ. വിദ്യാര്‍ഥിനിയായ പി.ബി.അനഘയാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
തൃശൂര്‍ മണ്ണുത്തി മര്യാദമൂല സ്വദേശിനി അനഘയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അനഘയുടെ സുഹൃത്തായ സഹപാഠി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതര മതത്തില്‍പ്പെട്ട യുവാവുമായുള്ള പ്രണയം ഭാവിയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് അനഘ സഹപാഠിയെ ഉപദേശിച്ചു.
ഇക്കാര്യമറിഞ്ഞ യുവാവ് നിരന്തരം അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. കോളജില്‍ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തി. യുവാവ് വധഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇവയെല്ലാം, അനഘയുടെ ബന്ധുക്കള്‍ തെളിവായി പോലീസിന് നല്‍കി.
തുടര്‍ന്ന് മാനസിക പീഡനം അതി രൂക്ഷമായതോടെ ഇനി കോളേജിലേക്ക് പോകില്ലെന്ന് അനഘ അനുജത്തിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ വിദ്യാര്‍ത്ഥികളുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു.
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.