• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എന്റെ ചിഹ്നം മാണി സാറെന്ന്‌ ജോസ്‌ ടോം; പി.ജെ.ജോസഫിന്‌ പ്രവര്‍ത്തകരുടെ കൂവല്‍

പാര്‍ട്ടി പത്രിക തള്ളിയതില്‍ പ്രതികരണവുമായി യുഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ്‌ ടോം. രണ്ടില ചിഹ്നം ലഭിക്കാത്തതില്‍ വിഷമമില്ല. തന്റെ ചിഹ്നം കെ.എം.മാണി സാറിന്റെ മുഖമാണെന്നും ജോസ്‌ ടോം പുലിക്കുന്നേല്‍ വ്യക്തമാക്കി.

ജോസ്‌ ടോം നല്‍കിയ പത്രികകളില്‍ സ്വതന്ത്രനായുള്ളതു മാത്രമാണു വരണാധികാരി സ്വീകരിച്ചത്‌. ഇതോടെയാണു പാലായുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നത്‌. പി.ജെ.ജോസഫ്‌ പക്ഷത്തെ ജോസഫ്‌ കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു.

1965 ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുതല്‍ കേരള കോണ്‍ഗ്രസ്‌ മത്സരിച്ചിട്ടുണ്ട്‌. കുതിരയായിരുന്നു അന്ന്‌ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി ചിഹ്നം. 1979 ജൂലൈ 15ന്‌ ജോസഫ്‌, മാണി ഗ്രൂപ്പുകളായി പാര്‍ട്ടി പിളര്‍ന്നു. ചിഹ്നത്തെച്ചൊല്ലി കേസായി. വിധി മാണി ഗ്രൂപ്പിന്‌ അനുകൂലമായിരുന്നു. കുതിര ചിഹ്നം മാണി ഗ്രൂപ്പിനു കിട്ടി. ജോസഫ്‌ വിഭാഗം ആന ചിഹ്നം തിരഞ്ഞെടുത്തു. 1980ലെ തിരഞ്ഞെടുപ്പു മുതല്‍ ജോസഫ്‌ വിഭാഗം ആന ചിഹ്നത്തില്‍ മത്സരിച്ചു. 1985 മാര്‍ച്ച്‌ മൂന്നിനു മാണിയും ജോസഫും ലയിച്ചു.

പാര്‍ട്ടിയുടെ ചിഹ്നമായി കുതിര വേണമെന്നു മാണിയും ആന വേണമെന്നു ജോസഫും വാദിച്ചു. കുറിയിട്ട്‌ ചിഹ്നം തീരുമാനിക്കാന്‍ ധാരണയായി. നറുക്കു വീണതു കുതിരയ്‌ക്കായിരുന്നു. 1987 ഫെബ്രുവരി 22ന്‌ അടുത്ത പിളര്‍പ്പ്‌. പിളര്‍പ്പിനു മുമ്പ്‌ സംയുക്ത കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ പി.ജെ.ജോസഫായിരുന്നു. അതുകൊണ്ടു കുതിര ചിഹ്നം ജോസഫ്‌ വിഭാഗത്തിനു ലഭിച്ചു. മാണി ഗ്രൂപ്പ്‌ രണ്ടില തിരഞ്ഞെടുപ്പ്‌ ചിഹ്നമായി സ്വീകരിച്ചു. 1987 മുതല്‍ 2019 വരെ കെ.എം.മാണി രണ്ടില ചിഹ്നത്തിലാണു പാലായില്‍ മത്സരിച്ചു ജയിച്ചത്‌.

1990ല്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തിരഞ്ഞെടുപ്പ്‌ ചിഹ്നങ്ങളില്‍നിന്നു പക്ഷിമൃഗാദികളെ ഒഴിവാക്കി. അതോടെ ജോസഫിനു കുതിര ചിഹ്നം നഷ്ടമായി. സൈക്കിള്‍ ചിഹ്നമായി സ്വീകരിച്ചു. ജോസഫ്‌, മാണി വിഭാഗങ്ങള്‍ 2010 മേയ്‌ 27ന്‌ ലയിച്ചു. ജോസഫ്‌ വിഭാഗം മാണി ഗ്രൂപ്പില്‍ ലയിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ്‌ (എം) ചിഹ്നമായ രണ്ടില പാര്‍ട്ടി ചിഹ്നമായി. ഈ വര്‍ഷം കെ.എം.മാണിയുടെ മരണത്തെത്തുടര്‍ന്നു പാലായില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോഴാണ്‌ ഇരുവിഭാഗങ്ങളും ചിഹ്നത്തെച്ചൊല്ലി വീണ്ടും തര്‍ക്കം ആരംഭിച്ചത്‌.

Top