കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു. ഇരുവിഭാഗങ്ങളുമായും സംസാരിച്ചെന്നും പ്രശ്‌നത്തില്‍ ഉത്‌കണ്‌ഠയുണ്ട്, എത്രയും വേഗം പരിഹരിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷത്തേയും നേതാക്കള്‍ അടുത്തദിവസം ഒന്നിച്ചിരിക്കുമെന്ന് പി.ജെ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് എംഎല്‍എയും വിശദീകരിച്ചു. പാര്‍ട്ടി പിളര്‍ത്തരുതെന്നും പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും കോണ്‍ഗ്രസ് കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് നീക്കം.
പി.ജെ.ജോസഫിനെ ചെയര്‍മാനാക്കിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല തള്ളിയ ജോസ് കെ.മാണി പക്ഷം ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നടപടി തുടങ്ങിയിരുന്നു. ആദ്യപടിയായി പാലായില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ പിളര്‍പ്പ് ലക്ഷ്യം കണ്ടാണ് ഇരുപക്ഷവും കരുനീക്കങ്ങള്‍ ശക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കെ.എം.മാണിയുടെ കാലത്തെ കീഴ്‌വഴക്കം തുടരുമെന്നു പി.ജെ ജോസഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ചെയര്‍മാന്‍ സ്ഥാനം തനിക്ക്, വര്‍ക്കിങ് ചെയര്‍മാന്‍ ജോസ് കെ.മാണി, നിയമസഭ കക്ഷി നേതാവായി സി.എഫ് തോമസ് എന്നതാണു ന്യായം. സമവായമുണ്ടാക്കിയ ശേഷം മാത്രം സംസ്ഥാന കമ്മിറ്റി വിളിക്കുമെന്ന നിലപാടില്‍ ജോസഫ് വിഭാഗം ഉറച്ചു നിന്നതോടെ സംസ്ഥാന കമ്മറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫിന് ജോസ് വിഭാഗം കത്ത് നല്‍കിയിരുന്നു.