കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി.ജെ.ജോസഫ് തര്‍ക്കം ജില്ലകളിലേക്കും വ്യാപിക്കുന്നു. എറണാകുളത്ത് ഒരേ സമയം ഇരുവിഭാഗവും ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. പാര്‍ട്ടിയുടെ ഉടമസ്ഥതയിലുളള പരമാവധി പാര്‍ട്ടി ഓഫിസുകള്‍ പിടിച്ചെടുക്കാനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. പരസ്‌പരം അച്ചടക്ക നടപടിയും പ്രഖ്യാപിച്ചു.
കൊച്ചി നഗരത്തിലാണ് എറണാകുളം ജില്ലയിലെ പി.ജെ.ജോസഫ് അനുകൂലികള്‍ സമ്മേളിച്ചത്. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ടി.യു.കുരുവിളയുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി. 185 അംഗ ജില്ലാ കമ്മിറ്റിയില്‍ 122 പേര്‍ പങ്കെടുത്തെന്നവകാശപ്പെട്ട ജോസഫ് അനുകൂലികള്‍ ജില്ലാ പ്രസിഡന്‍റായി ഷിബു തെക്കുംപുറം തന്നെ തുടരാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി അംഗങ്ങളടക്കം ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടെന്നും എറണാകുളത്തെ ജോസഫ് അനുകൂലികള്‍ അവകാശപ്പെടുന്നു.
ഉന്നതാധികാര സമിതിയംഗം പി.െക.സജീവന്‍റെ സാന്നിധ്യത്തില്‍ ആലുവയിലാണ് ജോസ് കെ മാണി അനുകൂലികള്‍ യോഗം ചേര്‍ന്നത്. 174 അംഗ ജില്ലാ കമ്മിറ്റിയില്‍ 144 പേര്‍ പങ്കെടുത്തെന്നാണ് ജോസ് അനുകൂലികള്‍ അവകാശപ്പെട്ടത്. നിലവിലെ ജില്ലാ പ്രസിഡന്‍റ് ഷിബു തെക്കുംപുറത്തിനെ സംഘടനയില്‍ നിന്നു പുറത്താക്കിയെന്നു പറഞ്ഞ ജോസ് അനുകൂലികള്‍ ബാബു ജോസഫിനെ പുതിയ ജില്ലാ പ്രസിഡന്‍റായി പ്രഖ്യാപിക്കുകയും ചെയ്‌തു.