തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒറ്റപ്പെട്ട സംഭവങ്ങളില്‍ കൃത്യമായ നടപടികള്‍ തുടങ്ങികഴിഞ്ഞെന്നും എന്നാല്‍ ഇതിനിടയില്‍ ചില മാധ്യമങ്ങള്‍ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്നും ഡിജിപി കുറ്റപ്പെടുത്തി. ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത്തരം പരാമര്‍ശങ്ങളുള്ളത്.
ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട് തങ്ങളുടെ പേരുകള്‍ വലിച്ചിഴക്കുന്നതില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. തങ്ങള്‍ക്ക് എതിരേ വ്യാജപ്പരാതികള്‍ വരുന്നു, തങ്ങളുടെ പേരുകള്‍ മോശമാവുന്നു എന്നായിരുന്നു ഐപിഎസ്സുകാര്‍ ഡിജിപിയെ അറിയിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഉദ്യോസ്ഥരെ അടച്ചാക്ഷേപിക്കരുതെന്നായിരുന്നു ഐപിഎസുകാരുടെ പരാതിയെ സൂചിപ്പിച്ച് ഡിജിപി പ്രതികരിച്ചത്.
'ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ ചില മാധ്യമങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ കാമ്ബയിനുകള്‍ നടത്തുകയാണ്. തെറ്റായ വിവരങ്ങളുടെയും കണക്കുകളുടെയും ഊഹങ്ങളുടെയും പേരിലാണ് പ്രചാരണം നടക്കുന്നത്. ഇത്തരത്തില്‍ ചില അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളില്‍ അധികവും സ്ഥിരീകരിക്കാത്തതും തെറ്റായതും അടിസ്ഥാനമില്ലാത്തും അസത്യവുമാണ്. ഇത്തരം വാര്‍ത്തകള്‍ പോലീസിന്റെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസ് സേനയോട് തന്നെ വിശ്വാസക്കുറവുണ്ടാക്കുകയും ചെയ്യും. പോലീസിനെപ്പോലെ മാധ്യമങ്ങള്‍ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്', ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു