സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. 40,771 പോളിങ് ബൂത്തുകള്‍ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. മുഴുവന്‍ തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥരെയും കോവിഡ് വാക്‌സിനേഷന് വിധേയരാക്കും. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകള്‍ക്കൊപ്പം 15,000 അനുബന്ധ ബൂത്തുകള്‍ കൂടി സജ്ജീകരിക്കാന്‍ തീരുമാനിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചു.
ഓരോ ബൂത്തിലും 500 മുതല്‍ 1000 വരെ വോട്ടര്‍മാര്‍ മാത്രം. പോളിങ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടും. കോവിഡ് പോസിറ്റിവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അവസാനമണിക്കൂറില്‍ വോട്ടു ചെയ്യാം. മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റുമുള്ള തപാല്‍ വോട്ടുകളുടെ പോളിങ് സുതാര്യമായി നടത്തണമെന്നു വിവിധ രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കമ്മിഷന്‍ കണക്കിലെടുക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിവിധ പാര്‍ട്ടികളുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കൊടുവില്‍ അറോറ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം, പാലക്കാട്, വയനാട് ജില്ലകള്‍ പ്രശ്‌നബാധിതമാണ്. ഈ ജില്ലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനില്‍ അറോറ വ്യക്തമാക്കി. സംസ്ഥാനത്തെ ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും വിദ്യാര്‍ഥികളുടെ പരീക്ഷകളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷന്‍ പിന്നീട് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. മാര്‍ച്ചിലാണ് എസ്‌എസ്‌എല്‍സി പരീക്ഷ. മേയില്‍ സിബിഎസ്‌ഇ പരീക്ഷയും.
ഏപ്രില്‍ രണ്ടാം വാരത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് വേണമെന്നാണ് യുഡിഎഫിന്റെയും ആവശ്യം. മേയില്‍ വേണം തിരഞ്ഞെടുപ്പെന്ന് ബിജെപിയും ആവശ്യപ്പെട്ടു. 140 മണ്ഡലങ്ങളിലും ഒരു ദിവസംതന്നെ വോട്ടെടുപ്പ് നടത്തണമെന്ന് മൂന്നു മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുമ്പോള്‍ അതു ക്രമസമാധാന പ്രശ്‌നമാണെങ്കില്‍ മാത്രമേ ഇടപെടൂ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ നിലവില്‍ ഫലപ്രദമായ സംവിധാനങ്ങളില്ല. മതസ്‌പര്‍ധയുണ്ടാക്കാനും മറ്റുമുള്ള ശ്രമങ്ങളെ നിലവിലെ നിയമം വഴി തടയും. സമൂഹമാധ്യമങ്ങളുടെ സംഘടനകള്‍ തയാറാക്കിയ പെരുമാറ്റച്ചട്ടം ഇത്തവണ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.