കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിന് ഒരു ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത്.
മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 20, സൂഷ്‌മ പരിശോധന മാര്‍ച്ച് 22 ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കും. കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കും. പോളിംഗ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലാണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. കോവിഡ് പരിഗണിച്ച് ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കള്‍ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. പത്രിക സമര്‍പ്പണത്തിന് രണ്ടുപേര്‍. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദീപക് മിശ്രയെ ഐ.പി.എസിനെ നിയോഗിച്ചു.
തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് ഉത്സവങ്ങളും പരീക്ഷകളും പരിഗണിച്ചാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
കേരളം പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്നതാണ് പ്രത്യേകത. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ സര്‍ക്കാരിന് പുതിയ പ്രഖ്യാപനങ്ങളും ഉദ്‌ഘാടനങ്ങളുമൊന്നും നടത്താനാവില്ല. മന്ത്രിസഭ ചേര്‍ന്ന് നിര്‍ണായക തീരുമാനങ്ങള!െടുക്കാനോ ഫയലുകളില്‍ ഒപ്പിടാനോ മന്ത്രിമാര്‍ക്കും അനുവാദമുണ്ടാക്കില്ല. പാലാരിവട്ടം പാലം ഒഴികെ മുന്‍നിശ്ചയിച്ച പ്രകാരം പ്രധാന പദ്ധതികളുടേയെല്ലാം ഉദ്‌ഘാടനം ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ പാലാരിവട്ടം പാലം മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്‌ച ഉദ്‌ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
എപ്രില്‍ 14 ന് മുന്‍പായി വോട്ടെടുപ്പ് നടത്തണം എന്നാണ് എല്‍ ഡി എഫും യു ഡി എഫും കേന്ദ്ര തെരഞ്ഞെടുപ്പ് നേരത്തെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേരളത്തില്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. 2016ല്‍ മെയ് 16 ന് വോട്ടെടുപ്പ് നടന്ന് മെയ് 19 നാണ് ഫലം പ്രഖ്യാപിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24ന് യോഗം ചേര്‍ന്നിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു.