• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രളയക്കെടുതി; നഷ്ടപ്പെട്ട രേഖകള്‍ ഒരു കേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും നല്‍കാന്‍ വേണ്ട സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന വിവര സാങ്കേതിക വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി നിര്‍വ്വഹണത്തിനുള്ള സോഫ്റ്റ്വെയര്‍ ദ്രുതഗതിയില്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും ഇവയെല്ലാം നല്‍കാന്‍ വേണ്ട സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. സംസ്ഥാന വിവര സാങ്കേതിക വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി നിര്‍വ്വഹണത്തിനുള്ള സോഫ്റ്റ്വെയര്‍ ധൃതഗതിയില്‍ തയ്യാറാക്കിവരികയാണ്.

രേഖകള്‍ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്സ്, ഫോണ്‍ നമ്ബര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍, ഫിംഗര്‍ പ്രിന്റ് പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ പ്രധാന രേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകളില്‍ കൂടി പൗരന്റെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതിക വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിന്റെ പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ മാസം 30-ന് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടക്കും.

Top