കരുവാറ്റ: ഫൈബര്‍വള്ളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച യുവാവ് പിന്നീട് വള്ളംമറിഞ്ഞ് മരിച്ചു. സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. കരുവാറ്റ കൈപ്പള്ളി തറയില്‍ ഗോപിനാഥന്റെ മകന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ മധു കരുവാറ്റ(32)യാണ് മരിച്ചത്. അച്ചന്‍കോവിലാറ്റിലെ ആയാപറമ്പ് കടവിന് പടിഞ്ഞാറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. സൃഹൃത്തുക്കളായ കരുവാറ്റ കൈപ്പള്ളില്‍ വടക്കതില്‍ ശ്രീരാജ് (32), രാജേഷ് ഭവനം ശരത് (32) എന്നിവരാണ് രക്ഷപ്പെട്ടത്.
തുഴഞ്ഞുനീങ്ങുന്നതിനിടെ വള്ളം ഓളത്തില്‍പ്പെട്ട് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മധുവും ശരത്തും വള്ളത്തില്‍ പിടിച്ചുകിടന്നു. ശ്രീരാജ് കരയിലേക്ക് നീന്തിക്കയറി. അപകടം കണ്ടുനിന്നവര്‍ സഹായത്തിനെത്തിയപ്പോഴേക്കും മധു പിടിവിട്ട് മുങ്ങിപ്പോയി. ആറ്റിലെ ചുഴിയുള്ള ഭാഗമാണിത്. ഒരു വര്‍ഷം മുന്‍പ് കരുവാറ്റ കുറ്റിത്തറ സ്വദേശി ഷിജോ ഇവിടെ മുങ്ങിമരിച്ചിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ഗള്‍ഫിലായിരുന്ന ശ്രീരാജ് അടുത്തിടെയാണ് അവധിക്ക് വന്നത്. അവധി ആഘോഷിക്കാനാണ് അടുത്ത സുഹൃത്തുക്കളായ മധുവിനും ശരത്തിനുമൊപ്പം വള്ളത്തില്‍ ചുറ്റിക്കറങ്ങിയത്. കൊപ്പാറക്കടവില്‍നിന്ന് ഫൈബര്‍വള്ളം വാടകയ്‌ക്കെടുത്ത് ഉച്ചയോടെയാണ് തുഴഞ്ഞുതുടങ്ങിയത്.