കോട്ടയം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ അഖില ഭാരത ഹിന്ദു പരിഷത്ത് അഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. കോഴിക്കോട്ടും തിരുവനന്തപുരത്തും ഹര്‍ത്താലനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.
കോഴിക്കോട്ട് മുക്കം, കുണ്ടായിത്തോട്. കുന്നമംഗലം എന്നിവടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സ്കാനിയ ബസുകള്‍ക്ക് നേരെയായിരുന്നു അക്രമം. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് കല്ലന്പലത്താണ് കെഎസ്‌ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു. ഇവിടെയും ആര്‍ക്കും പരിക്കില്ല.
ഹര്‍ത്താലില്‍ സംസ്ഥാനത്ത് കടകന്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയുടെ രാവിലെ അവസാനിക്കുന്ന രാത്രി സര്‍വീസ് ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. സ്വകാര്യ ബസുകളും ചരക്ക് ലോറികളും നിരത്തിലില്ല. മഹാനവമി പ്രമാണിച്ച് പൊതു അവധിയായതിനാല്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
ഹര്‍ത്താലിനോട് അനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിലയ്ക്കല്‍, പമ്ബ എന്നിവടങ്ങളിലും എരുമേലിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയോട് ബന്ധപ്പെട്ട പ്രദേശങ്ങളെല്ലാം നിരോധനാജ്ഞയുടെ പരിധിയിലായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ നിലയ്ക്കലിലും പന്പയിലും ഇന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. മാധ്യമങ്ങളെ പ്രദേശത്ത് നിന്നും ഓടിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പോലീസ് പന്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.