കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. രണ്ടാഴ്ച്ചത്തേക്കാണ് വിധിക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. വിധിക്കെതിരായ സുപ്രീം കോടതിയെ സമീപിക്കുന്നതിനാലാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്ത അവസ്ഥയുണ്ടാവുമെന്ന് ഷാജി കോടതിയെ അറിയിച്ചിരുന്നു. അതേസമയം കേസ് നടത്തുന്നതിന് നികേഷ് കുമാറിന് ചെലവായ തുകയായ 50000 രൂപ ഒരാഴ്ച്ചയ്ക്കകം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അയോഗ്യത ഏര്‍പ്പെടുത്തിയ അതേ ബെഞ്ച് തന്നെയാണ് ഷാജിയുടെ വിലക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയതും. കേസ് അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ ആറുവര്‍ഷത്തേക്കാണ് ഷാജിയെ കോടതി വിലക്കിയിരുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഇത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും നികേഷ് ആവശ്യപ്പെട്ടിരുന്നു. അതേസമയം മണ്ഡലത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റ ആവശ്യവും കോടതി തള്ളി. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനം മടക്കിക്കിട്ടും. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ട് ചെയ്യുകയുമാകാം. ഒരു വിധികൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ലെന്ന് ഷാജി പറഞ്ഞു. നികേഷ് കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിത്. നോട്ടീസ് പുറത്തിറക്കിത് കൃത്യമായ ഗൂഢാലോചനയിലാണെന്നും ഷാജി പറഞ്ഞു.