കോഴിക്കോട്: പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ചികിത്സ പ്രോട്ടോകോള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്ബിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പെന്‍സിലിന്‍ ചികിത്സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നതാണ്. ഈ കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ നല്‍കും.
ചികിത്സ പ്രോട്ടോകോള്‍ താഴെക്കൊടുത്ത ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക് PDF രൂപത്തില്‍ ഡൗണ്‍ ലോഡ് ചെയ്യാം https://goo.gl/CXcJca
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് എനിപ്പനി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലുള്‍പ്പെടെ എലിപ്പനിയെന്ന് സംശയിക്കുന്ന 24 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. രണ്ട് മരണം മാത്രമാണ് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 365 താല്‍ക്കാലിക ആശുപത്രികളാണ് ആരംഭിക്കുന്നത്. ഇതില്‍ 225 ആശപത്രികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.