കണ്ണൂര്‍: ഏറെ വിവാദങ്ങളുണ്ടാക്കിയ പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വനിതാ ജയില്‍ ജീവനക്കാര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചതില്‍ ജയില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം.
കൊലക്കേസ് പ്രതികളെ പുറംജോലിക്ക് നിയോഗിക്കുമ്ബോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. സെല്ലിന് പുറത്തേക്ക് തടവുകാരെ ജോലിക്ക് വിടുമ്ബോള്‍ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകണമെന്ന ചട്ടം സൗമ്യയുടെ കാര്യത്തില്‍ അധികൃതര്‍ പാലിച്ചില്ല. സൗമ്യ മരക്കൊമ്ബില്‍ തൂങ്ങിയ ശേഷമാണ് ജയില്‍ അധികൃതര്‍ വിവരമറിയുന്നത്.
മകളെയും മാതാപിതാക്കളെയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി പടന്നക്കര വണ്ണത്താന്‍കണ്ടി സൗമ്യയെ (30) കഴിഞ്ഞ ദിവസമാണ് ജയിലിലെ മരക്കൊമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള വനിതാ സബ് ജയിലിലെ ഡെയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിക്കായി ഇന്നലെ രാവിലെ സെല്ലില്‍ നിന്നു പുറത്തിറക്കിയതിനു പിറകെ പുല്ല് അരിയാന്‍ വിട്ടപ്പോഴാണ് സംഭവം. സാരിയില്‍ തൂങ്ങിയ നിലയില്‍ ഒന്‍പതരയോടെയാണ് കണ്ടത്. ജീവനക്കാരും സഹതടവുകാരും ചേര്‍ന്ന് കെട്ടഴിച്ച് താഴെയിറക്കി ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും റിമാന്‍ഡ് തടവുകാരിയായ സൗമ്യയുടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.