തിരുവനന്തപുരം: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ആലപ്പുഴയിലെത്തും. കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും സംഘത്തോടൊപ്പമുണ്ടാകും. ആലപ്പുഴയുടെ തീരപ്രദേശങ്ങളെ ഉള്‍പ്പടെ ബാധിച്ച വെള്ളപ്പൊക്കക്കെടുതി നേരിട്ട് കാണുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗം ആര്‍കെ ജയിന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍, കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാള്‍, ദേശീയ ദുരന്ത പ്രതികരണ സേന ഐജി രവി ജോസഫ് ലോക്കു, കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരാണ് സംഘത്തിലുള്ളത്.
വിവിധ വകുപ്പുകള്‍ തങ്ങളുടെ വകുപ്പില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് ക്രോഡീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് സമര്‍പ്പിക്കണമെന്ന് വകുപ്പുമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘം കൊച്ചിയില്‍ നിന്ന് ഇന്ന് രാവിലെ 10.30 ന് ഹെലികോപ്റ്ററില്‍ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.