തിരുവനന്തപുരം: ജലന്ധര്‍ രൂപതാദ്ധ്യക്ഷന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയിലും ആവര്‍ത്തിച്ച് കന്യാസ്ത്രീ. ചങ്ങനാശേരി മജിസ്ട്രേറ്റിന് മുന്നില്‍ ഏഴ് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിലാണ് കന്യാസ്ത്രീ തന്റെ പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം. കേരളത്തിലെത്തി അന്വേഷണ സംഘം മുമ്ബാകെ ഹാജരാകാന്‍ ബിഷപ്പിനോട് ആവശ്യപ്പെടാനാണ് സാധ്യത. എന്നാല്‍ ജലന്ധറിലെത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്‍ 2014 മേയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ മിഷണറീസ് ഒഫ് ജീസസ് മഠത്തിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ മദര്‍ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചപ്പോള്‍ ളോഹ ഇസ്തിരിയിട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും തിരികെ വന്നപ്പോള്‍ പീഡിപ്പിച്ചെന്നും പിന്നീട് 13 തവണ ഇവിടെവച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതായുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നല്കിയ പരാതിയിലുള്ളത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ നടന്ന മൊഴിയെടുപ്പിലും കന്യാസ്ത്രീ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു.