കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വ്യക്തി വിരോധത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതെന്ന് ബിഷപ്പ് ഹര്‍ജിയില്‍ വിശദമാക്കി.
ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല എന്നു പറഞ്ഞിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരായി രൂക്ഷമായ ആരോപണങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് മുന്‍പായി മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിഷപ്പ്.
ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്ധതര്‍ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നു രാവിലെ വരെ യാതൊരു അറിയിപ്പും കേരള പൊലീസിന് ലഭിച്ചിട്ടില്ല. നെടുമ്ബാശേരി വിമാനത്താവളത്തിലാണ് എത്തുന്നതെങ്കില്‍ പൊലീസ് സംരക്ഷണത്തിലോ പൊലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ്പ് വൈക്കം ഡിവൈ.എസ്.പി ഓഫിസില്‍ എത്തുക. അതിനിടെ ബിഷപ്പിന്റെ സഹായികളായ ജലന്ധര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം ഇന്നലെ കോട്ടയത്ത് എത്തിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ദ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇന്ന് ഉച്ചയോടെ കൂടുതല്‍ പൊലീസ് സേനയും ജില്ലയില്‍ എത്തും. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജലന്ധര്‍ രൂപതയുടെ ഭരണം അഡ്മിനിസ്‌ട്രേറ്ററിന് കൈമാറിയ ശേഷം രണ്ട് ദിവസം മുമ്ബ് ബിഷപ്പ് ഫ്രാങ്കോ രൂപതാ ആസ്ഥാനത്തുനിന്ന് പോയെന്നാണ് അറിയുന്നത്. തൃശൂരിലെ വീട്ടിലേക്കാണെന്നാണ് ബിഷപ്പ് ഹൗസ് പറയുന്നതെങ്കിലും അവിടെ എത്തിയിട്ടില്ല. ഇന്നുതന്നെ കേരളത്തിലെത്തുമെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ബിഷപ്പിന് സുരക്ഷ ഒരുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രൂപത പി.ആര്‍.ഒയും അടുത്ത അനുയായിയുമായ ഫാ. പീറ്റര്‍ കാവുംപുറവും ബിഷപ്പിനെ അനുഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒമ്ബത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം റെക്കാഡ് ചെയ്ത് അന്വേഷണ സംഘം മടങ്ങുകയായിരുന്നു.