മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും മുംബൈ അതിരൂപത അധ്യക്ഷന്‍ വ്യക്തമാക്കി. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയതായും അധ്യക്ഷന്‍ പറയുന്നു.
സിബിസിഐ പ്രസിഡന്റ് ഓസ്വാള്‍സ് ഗ്രേഷ്യസ് ആണ് മുംബൈ അതിരൂപത അധ്യക്ഷന്‍. കന്യാസ്ത്രീ മുംബൈ അതിരൂപത അധ്യക്ഷന് വിഷയത്തില്‍ കത്തയച്ചിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മകള്‍ ശക്തമാവുകയാണ്.
തെളിവുകള്‍ പൂര്‍ണ്ണമായി ശേഖരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് പൊലിസ്.കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ് അറസ്റ്റ് ചെയ്യാന്നുള്ള തെളിവുകളുണ്ടന്ന് കോടതിയെ ബോധിപ്പിച്ചത്. പിന്നിടാണ് ശാസ്ത്രീയ തെളിവിന്റെ അഭാവം ബോധ്യപ്പെട്ടത്.
അതേസമയം ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ രംഗത്തെത്തി. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയും ഉണ്ടാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണം സഭക്കെതിരെയുള്ളതെന്ന ബിഷപ്പിന്റെ വാദം ശരിയല്ല. രാജിസന്നദ്ധത ബിഷപ്പ് നേരത്തെ അറിയിക്കേണ്ടതായിരുന്നുവെന്നും കെആര്‍എല്‍സി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ കൂടി അംഗമായ ലത്തീന്‍ സഭാ നേതൃത്വം ആദ്യമായാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്.