തിരുവനന്തപുരം: ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനോട് വിശദീകരണം തേടാന്‍ നിയമസഭയുടെ പ്രിവിലജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി തീരുമാനം. എ. പ്രദീപ്കുമാര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയില്‍ അംഗമായ പി.സി ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും വിട്ടുനിന്നു.
വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയാണ് ഇന്നു എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചത്. കന്യാസ്ത്രീക്കെതിരേ ജോര്‍ജ് നടത്തിയ പരാമര്‍ശത്തിന്റെ തെളിവുകളായ പത്രക്കട്ടിങ്ങുകളും വിഡിയോ ക്ലിപ്പുകളും ഉള്‍പ്പെടെ ഹാജരാക്കാന്‍ കമ്മിറ്റി പരാതിക്കാര്‍ക്കു നിര്‍ദേശം നല്‍കി.അടുത്തയാഴ്ച വീണ്ടും യോഗം ചേരാനും തെളിവുകള്‍ പരിശോധിക്കാനും തീരുമാനിച്ചു. അതിനിടെ, പി.സി ജോര്‍ജിനെ എത്തിക്‌സ് കമ്മിറ്റിയില്‍നിന്നു മാറ്റണമെന്നും കമ്മിഷന്‍ നല്‍കിയ പരാതി ജോര്‍ജ് അംഗമായ കമ്മിറ്റി പരിഗണിക്കരുതെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ നാലിന് വീണ്ടും സമിതി ചേരുന്നുണ്ട്. തുടര്‍നടപടികള്‍ ആ യോഗത്തിലുണ്ടായേക്കും. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം മൂവാറ്റുപുഴ എസ്.ഐക്കെതിരെ നല്‍കിയ പരാതിയും സമിതിയുടെ മുന്നിലുണ്ട്. എല്‍ദോയോട് ഇന്നലെ വിശദീകരണത്തിന് എത്താന്‍ പറഞ്ഞെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതിനാല്‍ അടുത്ത യോഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ 13നാണ് വനിതാ കമ്മിഷന്‍ നല്‍കിയ പരാതി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എത്തിക്‌സ് കമ്മിറ്റിക്കു വിട്ടിരുന്നത്. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് എം. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി.കെ.സി മമ്മദ് കോയ, മോന്‍സ് ജോസഫ്, ഡി.കെ മുരളി, വി.എസ് ശിവകുമാര്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.