തിരുവനന്തപുരം: പയ്യോളിയിലെ ഇരിങ്ങലില്‍ നടക്കുന്ന പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തില്‍ മാറ്റം. സ്തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കി മാറ്റുകയും സ്തൂപത്തില്‍ പൊലീസ് രക്തസാക്ഷികള്ക്കായെന്ന് പ്രത്യേകം എഴുതിച്ചേര്‍ക്കുകയും ചെയ്തു. നേരത്തെ സ്തൂപത്തിന്റെ നിറം ചുവപ്പ് മാത്രമായത് വിവാദമായിരുന്നു. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് പകരം പൊലീസ് അസോസിയേഷന് സിന്ദാബാദെന്നും ആക്കിയിട്ടുണ്ട്.
പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നു അസോസിയേഷന് സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് മുതല്‍ 13 വരെ കോഴിക്കോട് പയ്യോളിയിലെ ഇരിങ്ങലിലാണ് സമ്മേളനം നടക്കുന്നത്.
മുന്‍പ് എങ്ങുമില്ലാത്ത വിധം രാഷ്ട്രീയ പ്രവര്‍ത്തനം സേനയില്‍ പടര്‍ന്ന് പിടിക്കുന്നതായാണ് ഇന്റലിജന്‍സ് ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് നിയന്ത്രിക്കുന്നതിന് നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തിരുന്നു.