ചെന്നൈ: തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌നയുടേതല്ലെന്ന് സൂചന. ചെങ്കല്‍പ്പേട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന് ജസ്‌നയുടേതിനെക്കാള്‍ പ്രായമുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് വിജനമായ സ്ഥലത്ത് ചാക്കിലിട്ട് കത്തിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. പോലീസ് പട്രോള്‍ സംഘമാണ് ഇത് കണ്ടത്. ശരീരം തൊണ്ണൂറ് ശതമാനത്തിലധികം കത്തിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പുണ്ടെന്നതും ഉയരമുള്‍പ്പടെയുള്ള കാര്യങ്ങളിലെ സാമ്യവുമാണ് അത് ജെസ്‌നയുടേതാണോ എന്ന് സംശയത്തിലെത്തിച്ചത്. എന്നാല്‍, മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമികനിഗമനം അനുസരിച്ച് മൃതദേഹം 20 വയസ്സിന് മുകളില്‍ പ്രായമുള്ളയാളുടേതാണ്. മുക്കൂത്തിയിട്ട പെണ്‍കുട്ടിയുടേതാണ് മൃതദേഹം എന്നതും അത് ജെസ്‌നയുടേതാവാന്‍ വഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്. ജെസ്‌നയ്ക്ക് മൂക്കുത്തിയുണ്ടായിരുന്നില്ല.
മൃതദേഹം കണ്ടെത്തിയെന്ന സൂചനയെത്തുടര്‍ന്ന് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരും ജെസ്‌നയുടെ സഹോദരനും ചെങ്കല്‍പേട്ടിലെത്തി. ഇവര്‍ പരിശോധിച്ചുകഴിഞ്ഞാല്‍ മാത്രമേ ഇത് സംബന്ധിച്ച് വൃക്തമായ വിവരം പുറത്തുവരൂ.
72 ദിവസങ്ങള്‍ക്ക് മുമ്ബാണ് കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്.