കര്‍ഷക രക്ഷക്കായി അങ്ങ് രാജ്യതലസ്ഥാനത്ത് വരെ പ്രക്ഷോഭം നടത്തുകയും അവരുടെ നേട്ടങ്ങള്‍ക്കെന്നോണം വികസനസമിതി ഉണ്ടാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത വിശുദ്ധ ഇടയനായിരുന്നു ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഒരു കാലം വരെ കുട്ടനാട്ടുകാര്‍ക്ക്. എന്നാലിന്നവര്‍ക്ക് വിശുദ്ധന്റെ ആട്ടിന്‍ തോലണിഞ്ഞ ക്രൂരനായ വില്ലനാണ് പീലിയാനിക്കല്‍ അച്ചന്‍.
കര്‍ഷക രക്ഷക്കെന്നോണം അവതരിച്ച് അവരുടെ പേരില്‍ കോടികള്‍ തട്ടിയെന്ന ആരോപണം ആണ് ഫാ.തോമസ് പീലിയാനിക്കലിനെതിരെ ഉയര്‍ന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതിയായ ഫാദറിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ ഫാദറിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങളായിരുന്നു.
നായകന്‍
കാഴ്ച്ചയിലും പെരുമാറ്റത്തിലും വളരെ സൗമന്യായിരുന്നു പീലിയാനിക്കല്‍. കുട്ടനാട്ടിലെ എല്ലാവിഭാഗം ജനങ്ങളേയും രാഷ്ട്രീയപാര്‍ട്ടികളേയുമൊക്കെ അദ്ദേഹം തന്റെ വരുതിയില്‍ നിര്‍ത്തി. വര്‍ധിച്ച ജനപിന്തുണയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. എന്നും ദുരിതമനുഭവിച്ചിരുന്ന കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവരുടെ രക്ഷക്കായി കുട്ടനാട് വികസന സമിതി രൂപീകരിക്കുകയും കൂടി ചെയ്‌തോടെ പുരോഹിതന്റെ കുട്ടനാട്ടുകാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയനായി.
വില്ലന്‍
ജനങ്ങള്‍ക്കിടയില്‍ നായകാനായി വിലസുമ്പോള്‍ മറുഭാഗത്ത് വില്ലന്റെ വേഷം ആടിത്തീര്‍ക്കുകയായിരുന്നു പീലിയാനിക്കന്‍. കര്‍ഷകരുടെ പേരില്‍ വ്യാജ ഗ്രൂപ്പുകളുണ്ടാക്കി വായ്പനല്‍കാന്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. വായ്പയുടെ പേരില്‍ ഗ്രൂപ്പില്‍പ്പെട്ട കര്‍ഷകര്‍ക്ക് ബാങ്ക് നോട്ടീസ് അയച്ചു തുടങ്ങിയതോടെയാണ് പുരോഹിതനും സംഘവും നടത്തിവന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയത്. ഇതിനോടകം തന്നെ പല കര്‍ഷകരും കടക്കെടിയിലായിരുന്നു.
നിവേദനം
ഒരിടത്ത് കര്‍ഷകരെ പറ്റിച്ച് അവരുടെ പേരില്‍ ബാങ്ക് വായ്പയെടുക്കുമ്പോള്‍ തന്നെ കുട്ടനാടന്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ പോയി കേന്ദ്ര കൃഷിമന്ത്രിക്ക് നിവേദനം നല്‍കുകയും പ്രക്ഷോഭത്തിന് മുന്നില്‍ നില്‍ക്കുകയും ചെയ്ത വ്യക്തിയാണ് ഫാ. തോമസ് പീലിയാനിക്കന്‍.
250 കര്‍ഷകര്‍
കര്‍ഷകരുടെ വ്യാജഓപ്പിട്ട് എടുത്ത വായ്പയില്‍ 250 കര്‍ഷകര്‍ക്കാണ് വിവിധ ബാങ്കുകളില്‍ നിന്ന് ഇപ്പോള്‍ ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എടുങ്കാത്ത വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് വന്നതിനേക്കുറിച്ച് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം മനസ്സിലാവുന്നത്. തിരിച്ചറിയല്‍ രേഖകള്‍ പോലും ഇല്ലാതെ വ്യാജ ഓപ്പിട്ട് വായ്പകള്‍ വാങ്ങിയെടുക്കുകായിരുന്നു. തോമസ് പീലിയാനിക്കലിന്റെ ശിപാര്‍ശയിലായിരുന്നു എല്ലാ വായ്പകളും നല്‍കിയത്.
ജപ്തി
കാവാലം കര്‍ഷക മിത്ര നെല്‍കര്‍ഷക എന്ന സംഘത്തിന്റെ പേരില്‍ വായ്പ എടുത്തതിന് ഷാജി എന്നയാള്‍ 6.74 ലക്ഷം രൂപയുടെ ജപ്തിന നോട്ടീസായിരുന്നു ലഭിച്ചത്. കുട്ടനാട് വികസനസമിതിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളായിരുന്നു ഷാജി. വികസന സമിതിയുടെ തലവനെന്നതിനൊപ്പം പള്ളിവികാരി കൂടിയായിരുന്നു പീലിയാനിക്കലിനെ ഈ ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ചങ്ങനാശേരി അതിരൂപത പ്രത്യേകം അന്വേഷണ സമിതിയെ നിയോഗിക്കുയും ചെയ്തിരുന്നു.
കേസ്
തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 12 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയതത്. ഇതില്‍ ആറ് കേസാണ് ഫാ. പീലിയാനിക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. രണ്ട് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചു. ഇപ്പോള്‍ നാല് കേസുകളിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പീലിയാനിക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേതാവും
ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെക്കൂടാതെ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍സിപി നേതാവുമായ റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്ത തട്ടിയതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.