• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

യാത്രാനിരക്ക് കൂട്ടില്ലെന്ന് മന്ത്രി; കൂട്ടിയാല്‍ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും ബസുടമകളുടെ അമിതാവേശം നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന് സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായാണ് കഴിഞ്ഞ ദിവസം ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചത്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കണ്‍സഷന്‍ നിര്‍ത്തലാക്കന്‍ ബസുടമകള്‍ക്ക് അധികാരമില്ലെന്നും അത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നുമാണ് ഫെഡറേഷന്‍ അറിയിച്ചത്.

അതേസമയം, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാടിനെതിരെ കെ.എസ്.യു, എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കണ്‍സഷന്‍ നിര്‍ത്തലാക്കി മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസ്സുടമകളുടെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എ.ഐ.എസ്.എഫ് അറിയിച്ചു. അത്തരത്തില്‍ കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും എ.ഐ.എസ്.എഫ് നേതൃത്വം വ്യക്തമാക്കി.

Top