ആലപ്പുഴ > സംസ്ഥാനത്ത‌് കാലവര്‍ഷത്തില്‍ റോഡുകള്‍ തകര്‍ന്നതുവഴി 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന‌് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കും. 15 പാലങ്ങള്‍ക്ക‌് ബലക്ഷയമുണ്ടായതായും ആലപ്പുഴ ﹣ ചങ്ങനാശേരി റോഡ‌് സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ 3000 കോടി രൂപയുടെ നഷ്ടമാണ‌് കണക്കാക്കിയിരുന്നത‌്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലിലും പ്രളയക്കെടുതിയിലും 300 കിലോമീറ്റര്‍ റോഡ‌് തകര്‍ന്നതായാണ‌് കണക്ക‌്. ഇതുകൂടി ചേരുമ്ബോള്‍ നഷ്ടം 4000 കോടിയിലെത്തും.
ആലപ്പുഴ ﹣ ചങ്ങനാശേരി റോഡ‌് അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ നടപടിയെടുക്കണമെന്ന‌് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക‌് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച‌് 16നകം വ്യക്തമായ റിപ്പോര്‍ട്ട‌് നല്‍കണമെന്ന‌് ചീഫ‌് എന്‍ജിനിയര്‍ക്ക‌് മന്ത്രി നിര്‍ദേശം നല്‍കി. പാതിരപ്പള്ളി ﹣ പുറക്കാട‌് റോഡിന്റെ മാതൃകയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച‌് എസി റോഡ‌് നവീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.