• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുല്ലപ്പെരിയാര്‍ പരമാവധി ശേഷിയില്‍; അതീവ ജാഗ്രത

ഇടുക്കി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി. ആദ്യമായാണ് ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി ശേഷിയായ 142 അടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തും.

ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,​ അവര്‍ അതിന് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തമിഴ്നാടിനോട് ഈ ആവശ്യം ഉന്നയിച്ചത്. ജലനിരപ്പ് വര്‍ദ്ധിച്ചിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോയി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്‌ 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം. ഇതാണ് കൂടുതല്‍ വെള്ളം കൊണ്ടുപോകാതിരിക്കാന്‍ തമിഴ്നാട് കാരണമാക്കിയത്. 142 അടിയ്ക്ക് മുകളില്‍ ഡാമിലെ ജലനിരപ്പ് എത്തിയാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. സെക്കന്‍ഡില്‍ 13,93,000 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. 

അതേസമയം,​ ഡ‌ാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും ജില്ലാ കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും. സ്പില്‍വേകലെല്ലാം പുലര്‍ച്ചെ 2.30ന് തുറന്നെങ്കിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്.

ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു 
വ‌ൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതോടെ ഇടുക്കിയിലും നീരൊഴുക്ക് കൂടി. ഇടുക്കിയിലെ ജലനിരപ്പ് 2399 അടിയാണിപ്പോള്‍. 1100 ഘനയടി ജലം ഇപ്പോള്‍ തുറന്ന് വിടുന്നുണ്ട്. എന്നാല്‍ രണ്ട് മണിയോട് കൂടി ഇത് 1200 ഘനയടിയായി ഉയര്‍ത്തും.

Top