• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഓരോ ദിവസവും തെരുവിലേക്ക് ഇറങ്ങുന്നത് ലക്ഷക്കണക്കിന് ഭക്തര്‍, സമരത്തിന്റെ മുഖം മാറുകയും ശക്തികൂടുകയും ചെയ്തതോടെ എന്ത് ചെയ്യണമെന്ന് എത്തും പിടിയുമില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം: വന്‍ ജനപങ്കാളിത്തത്തോടെ ലോങ് മാര്‍ച്ച്‌, സംസ്ഥാനത്താകെ റോഡ് ഉപരോധം, മന്ത്രിമാര്‍ക്ക് കരിങ്കൊടി. അങ്ങനെ ശബരിമല വിഷയത്തിലെ സമരം അതിശക്തമാവുകയാണ്. എന്‍ എസ് എസും പന്തളം കൊട്ടാരവും മുന്നില്‍ നിന്ന് പട നയിക്കുമ്ബോള്‍ തുഷാര്‍ വെള്ളാപ്പള്ളിയിലൂടെ എസ് എന്‍ ഡി പിയും സമര രംഗത്തുണ്ട്. സംഘടനകള്‍ക്ക് അതീതമായ ജനസഞ്ചയമാണ് പ്രതിഷേധത്തില്‍ അണിചേരുന്നത്. വിശ്വാസികളായ സ്ത്രീകള്‍ വലിയ തോതില്‍ സമരത്തിനൊപ്പം ചേരുന്നത് സര്‍ക്കാരിനും തലവേദനയാണ്. ദര്‍ശനത്തിന് എത്തുന്നവരെ മലകയറ്റാന്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഇതെല്ലാം നടക്കുമോ എന്ന് സര്‍ക്കാരിനും എത്തുപിടിയുമില്ല.

 

പന്തളത്ത് എന്‍.ഡി.എ.യുടെ ലോങ് മാര്‍ച്ച്‌ തുടങ്ങിയ ബുധനാഴ്ച, സംസ്ഥാനത്ത് ഇരുനൂറോളം സ്ഥലങ്ങളിലാണ് ഹിന്ദുസംഘടനകള്‍ റോഡുപരോധിച്ചത്. ഇന്നലെ ബിജെപിയും പരസ്യമായി രംഗത്തെത്തിയതോടെ റോഡ് ഉപരോധവും മറ്റുമായി കടുത്ത സമര മുറകളാണ് സംസ്ഥാനം കണ്ടത്.കേരളത്തിലുട നീളം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നാമജപ യജ്ഞങ്ങളും തുടരുകയാണ്. പിസി ജോര്‍ജിനെ പോലുള്ള നേതാക്കള്‍ സമരത്തിന് ഇറങ്ങിയതും സര്‍ക്കാരിന് വെല്ലുവിളിയാണ്. വിഷയത്തില്‍ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും വരെ സമ്മര്‍ദ്ദത്തിനാണ് സമരക്കാരുടെ തീരുമാനം.

ഇതിനിടെ കേന്ദ്ര സര്‍ക്കാരാണ് നിയമം ഉണ്ടാക്കേണ്ടതെന്നതെന്ന വാദമാണ് സിപിഎം സജീവമാക്കുന്നത്.സര്‍ക്കാര്‍ നിലപാട് തിരുത്തുന്നതുവരെ സമരം തുടരുമെന്ന പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനം ബിജെപി.യും പിന്നോട്ടില്ലെന്നതിന്റെ സൂചനയാണ്. രണ്ടുദിവസം മുമ്ബ് ന്യൂഡല്‍ഹിയില്‍ നടന്ന സംസ്ഥാനവക്താക്കളുടെ യോഗത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുകയും ചെയ്തു. സമാനചിന്താഗതിക്കാരെ കൂട്ടി പ്രതിരോധത്തിനിറങ്ങാനാണ് സിപിഎം നീക്കം. സ്വയം പ്രതിരോധമെന്നനിലയില്‍ പാര്‍ട്ടിയുടെ പോഷകസംഘടനകളെ ഇതിനകം ഇറക്കുകയും ചെയ്തു.

 

ഇടതുമുന്നണിയും വിശദീകരണയോഗങ്ങള്‍ നടത്തും. ഇത്തരം വിശദീകരണ യോഗങ്ങളിലേക്ക് വിശ്വാസികളായ പാര്‍ട്ടി അണികളെ എത്തിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. ഇത് വലിയ തരിച്ചടിയാണ്. അതുകൊണ്ട് തന്നെ കരുതലോടെയുള്ള പ്രതികരണമാണ് സര്‍ക്കാരും പാര്‍ട്ടിയും നടപ്പാക്കുന്നത്. നവോത്ഥാന നായകരെ കൂട്ടു പിടിച്ചു സമരത്തെ താഴടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്ത് വന്നിട്ടും അത് ഫലം കണ്ടില്ല. കേരളത്തിലുടനീളം പ്രതിഷേധം ശക്തമാവുകയാണ്. ജോലി ഉപേക്ഷിച്ച്‌ വന്‍ തോതില്‍ സ്ത്രീകള്‍ നാമജപയാത്രയുടെ ഭാഗമാവുകയാണ്.ചില സംഘടനകള്‍

പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും തീര്‍പ്പാകുന്നതുവരെ പഴയനില തുടരാന്‍ കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ വിധി നിയമമാണ്. അത് നടപ്പാക്കാതിരിക്കാനാകില്ല. മറിച്ചൊരു വിധിവന്നാല്‍ അത് നടപ്പാക്കാം. ഈ തീര്‍ത്ഥാടനകാലം നിരീക്ഷിക്കും.

അങ്ങോട്ട് സ്ത്രീകള്‍ പോകുന്നില്ലെങ്കില്‍ പ്രശ്‌നമില്ലല്ലോ. ഹര്‍ജി പരിഗണിച്ചാല്‍തന്നെ കേസിനുപോയവരുടെ അഭിപ്രായം പ്രധാനമാണ്. ശബരിമലയില്‍ എന്തു സംഭവിക്കുമെന്നുനോക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. തുലാമാസപൂജയ്ക്കും മണ്ഡല-മകരവിളക്കിനും നടതുറന്നാല്‍ കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്ന് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ കരുതുന്നില്ല.

 

സ്ത്രീകളുടെ എണ്ണം നോക്കിമതി വനിതാ ജീവനക്കാരുടെയും വനിതാ പൊലീസിന്റെയും വിന്യാസം എന്നാണ് സര്‍ക്കാര്‍ തീരുമാനം. സ്ത്രീകളെ ക്ഷേത്രത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യം കാട്ടുന്നുവെന്ന വാദം ഒഴിവാക്കാനാണ് ഇത്.പ്രതിഷേധങ്ങളില്‍ വലയുന്നത് പൊലീസാണ്. സമരത്തിന് സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ട്. പ്രായമായവരും ഏറെ. ഇത്തരത്തിലെ സമരത്തെ നേരിടാന്‍ പൊലീസിന് മാര്‍ഗ്ഗമൊന്നുമില്ല. സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്താതിരിക്കാന്‍ പരമാവധി സംയമനവും പാലിക്കണം. റോഡ് ഉപരോധത്തിനും മറ്റും ആയിരക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്.

 

ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് പൊലീസ്.ശബരിമലയിലെ യുവതീപ്രവേശത്തിനെതിരേ അഖിലതിരുവിതാംകൂര്‍ മലയരയ മഹാസഭയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ കര്‍പ്പൂരാഴിയുമായി ശരണമന്ത്രജപയാത്ര നടത്തി. ശബരിമലയില്‍ തലമുറകളായി തുടരുന്ന ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു നടന്ന ശരണമന്ത്രജപയാത്രയില്‍ യുവതികളുള്‍പ്പെടെ ആയിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. എരുമേലി ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍നിന്നാണ് ശരണമന്ത്രജപയാത്ര തുടങ്ങിയത്.

 

കമ്മ്യൂണിസം കേരളത്തില്‍ ഉടലെടുത്തപ്പോള്‍ എകെജിയുടെ നേതൃത്വത്തില്‍ തുടങ്ങിയതാണ് ശബരിമലയെയും ഹിന്ദുസംസ്‌കാരത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍. അതിനായി രൂപീകരിച്ച ഗോപാലസേനയെ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെ ഇല്ലാതാക്കി. സഭാതര്‍ക്കത്തിലുള്‍പ്പെടെ വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായിട്ടുള്ള സുപ്രീംകോടതി വിധികള്‍ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. എന്നാല്‍, ശബരിമലയ്ക്കെതിരെ വിധിവന്ന അന്നുതന്നെ അതിന്റെ ഉള്ളടക്കം പോലും അറിയാന്‍ ശ്രമിക്കാതെ അടിയന്തരമായി നടപ്പാക്കാനാണ് ഉത്തരവിട്ടത് എന്ന് എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

 

ഇതിനിടെ ദേവസ്വം പ്രസിഡന്റ പദ്മകുമാറിന്റെ മലക്കം മറിച്ചില്‍ സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.അദ്ദേഹം രാജിവെച്ചേക്കുമെന്ന സൂചനയും ഉണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ കേരളം കൂടുതല്‍ ഭക്ത ജന പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് കണക്കു കൂട്ടല്‍.

 

Top