• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചംഗ സംഘം; പതിനാലുപേരും ക്യാമ്ബസിന് പുറത്തുള്ളവര്‍

കൊച്ചി > മഹാരാജാസിലെ എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ ഒറ്റക്കുത്തിന‌് കൊന്നത‌് കറുത്തഷര്‍ട്ടിട്ട, പൊക്കം കുറഞ്ഞ മുഹമ്മദെന്നയാള്‍. പൊലിസ‌് കോടതിയില്‍ നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലാണ‌് ഇത‌് സംബന്ധിച്ച സൂചനയുള്ളത‌്. കൊലയാളി സംഘത്തില്‍ കോളേജിലെ മൂന്നാം വര്‍ഷ അറബിക‌്‌ വിദ്യാര്‍ഥിയായ ഒന്നാം പ്രതി മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദും ഉണ്ടെന്നും ഇത‌് വ്യക്തമാക്കുന്നു.

അതിനിടെ ആദ്യം അറസ്റ്റിലായ രണ്ടും മൂന്നും നാലും പ്രതികളായ ബിലാല്‍ സജി(19), ഫറൂഖ് അമാനി(19), റിയാസ് ഹുസൈന്‍(37) എന്നിവരെ ഏഴു ദിവസെത്ത പൊലീസ‌് കസ്റ്റഡിയില്‍ വിട്ട് എറണാകുളം ചീഫ‌് ജുഡീഷ്യല്‍ മജിസ‌്ട്രേട്ട‌് കോടതി ഉത്തരവായി. ഇവരുടെ ഫോണ്‍ നമ്ബറും വാട‌്സ‌്‌ആപും പരിശോധിക്കണമെന്നും ഒളിവിലുള്ള മറ്റ‌് പ്രതികളെ തിരിച്ചറിയാന്‍ ഇവരെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പൊലീസ‌് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. വളരെ ആസൂത്രിതമായ ഗൂഡാലോചന കൊലപാതകത്തിനു പിന്നിലുണ്ട‌്. ഇതു സംബന്ധിച്ച‌് അറിയാനും ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ‌്റ്റഡി അപേക്ഷയില്‍ പറയുന്നു. കേസില്‍ 15 പ്രതികളാണുള്ളത്. 

അതിനിടെ അഭിമന്യുവിനെ കുത്തികൊന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട‌്, എസ‌്ഡിപിഐക്കാരായ 22 പേരെ കൂടി എറണാകുളം സെന്‍ട്രല്‍ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. ഇവരില്‍ നാലുപേര്‍ക്ക‌് സംഭവത്തില്‍ നേരിട്ട‌് പങ്കുണ്ടെന്നാണ‌് സുചന. ഇതുകൂടാതെ കരുതല്‍ നടപടികളുടെ ഭാഗമായി മൂവാറ്റുപുഴ, പെരുമ്ബാവൂര്‍ ഭാഗങ്ങളില്‍നിന്ന‌് 49 പേരെ കൂടി കസ‌്റ്റഡിയില്‍ എടുത്തിട്ടുണ്ട‌്‌.

വ്യാഴാഴ‌്ച രാവിലെ ഡിജിപി ലോക‌് നാഥ‌് ബെഹ‌്റയുടെ നേതൃത്വത്തില്‍ കേസ‌് അന്വേഷണ പുരോഗതി വിലയിരുത്തി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച‌് നിയമോപദേശം തേടിയിട്ടുന്നെും ബെഹ‌്റ മാധ്യമപ്രവര്‍ത്തകരോട‌് പറഞ്ഞു. ഇത‌് സംബന്ധിച്ച‌് ഡയറക‌്ടര്‍ ജനറല്‍ ഓഫ‌് പ്രോസിക്യൂഷന്‍ സി ശ്രീധരന്‍നായര്‍, അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് എന്നിവരുമായി ഡിജിപി ബെഹ്റ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ‌് സ‌്റ്റേഷനിലെത്തി കസ‌്റ്റിഡിയിലുള്ളവരെ ചോദ്യം ചെയ്തു. കേസിലെ തീവ്രവാദ ബന്ധം എന്‍ഐഎ കൊച്ചി യൂണിറ്റ‌് അന്വേഷിക്കുന്നുണ്ട‌്. കേസില്‍ അന്വേഷണ പുരോഗതിയുണ്ട‌്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് സിറ്റി പൊലീസ‌് കമ്മീഷണര്‍ എം പി ദിനേശ‌് പറഞ്ഞു. 

കൊലപാതകത്തില്‍ പങ്കെടുത്തവരുടെ തിരിച്ചറിയല്‍ പരേഡ‌് നടത്തേണ്ടതുണ്ട‌്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൂടാതെ ഇടിക്കട്ട, ട്യൂബ് ലൈറ്റ്, ഉരുട്ടിയെടുത്ത തടിക്കഷണം എന്നിവയും പ്രതികള്‍ ഉപയോഗിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ഐപിസി120(ബി), 143,148,341,506,323,324,326,307,302,149 എന്നീ വകുപ്പുകള്‍ പ്രകാരമാണ‌് കേസെടുത്തിട്ടുള്ളത‌്. എറണാകുളം നോര്‍ത്തില്‍ കാമ്ബസ‌് ഫ്രണ്ടുകാര്‍ നടത്തുന്ന കൊച്ചിന്‍ ഹൗസ‌് എന്ന ഹോസ‌്റ്റലില്‍നിന്ന‌് മൂന്ന‌് പ്രതികളെ പിടികൂടിയത‌്. ഇവരുടെ മൊബെല്‍ ഫോണ്‍ കോള്‍ ലിസ‌്റ്റ‌് പരിശോധിച്ചു വരികയാണ‌്. പ്രതികള്‍ക്ക‌് മറ്റ‌് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുണ്ടായിരുന്നുവോയെന്ന‌് കണ്ടെത്താന്‍ വിരടയാളങ്ങളും പരിശോധിക്കും.

Top