• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കയ്യേറ്റഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്ത സബ്കലക്ടറുടെ നടപടി വിവാദത്തില്‍

തിരുവനന്തപുരം: റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്‍റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി വിവാദത്തില്‍. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 

സര്‍ക്കാര്‍ പുറമ്ബോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19-നാണ് വര്‍ക്കല തഹസില്‍ദാര്‍ എന്‍ രാജു 27 സെന്റ് സ്ഥലം തിരിച്ച്‌ പിടിച്ചത്. നിയമമനുസരിച്ച്‌ നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. ഇതിനെതിരെ സ്ഥലമുടമ ജെ.ലിജി ഹൈകോടതിയെ സമീപിച്ചു.തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി തഹസില്‍ദാര്‍ നടപടിയെടുത്തുവെന്നായിരുന്നു പ്രധാന ആക്ഷേപം. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ ചുമതലപ്പെടുത്തി ജ‍ഡ്‍ജ് പി.ബി സുരേഷ്കുമാര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കലക്ടര്‍ ഉത്തരവിട്ടത്.

താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ ഭൂമി അളന്ന് തിരിച്ച്‌ തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പരാതിക്കാരി ഹൈകോടതിയെ സമീപിച്ചപ്പോള്‍ എതിര്‍റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. പിന്നീട് മറ്റൊരു അപേക്ഷ നല്‍കിയാണ് സബ്കലക്ടറെ കേസില്‍ ആറാം കക്ഷിയാക്കിയത്. ഇതില്‍ ദുരൂഹത ഉയരുന്നുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്ത ബന്ധുവാണ് സ്ഥലമുടമ.

Top