തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരവേയാണ് ശബരിമലയില്‍ പോകും എന്ന് പറഞ്ഞ് രേഷ്മാ നിശാന്ത് രംഗത്തെത്തിയത്. സംഗതി സമൂഹ മാധ്യമത്തിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
ശബരിമലയില്‍ പോകാനുള്ള രേഷ്മാ നിശാന്തിന്റെ ശ്രമം പ്രശസ്തിക്ക് വേണ്ടിയെന്ന് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടെ ശ്രമമാണിതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കുപ്രചാരണങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം രേഷ്മയടക്കമുള്ള വിശ്വാസികളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. ശബരിമലയില്‍ ആരു വന്നാലും സംരക്ഷിക്കും. വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ശബരിമലയിലേക്ക് പോകാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് രേഷ്മാ നിശാന്ത് വ്യക്തമാക്കി. ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടുന്നത്. കൂടുതല്‍ സ്ത്രീകള്‍ മലകയറാനെത്തുമെന്നും രേഷ്മാ നിശാന്ത് പറഞ്ഞു. ഭീഷണികളെ ഭയമില്ലെന്നും രേഷ്മ നിശാന്ത് പറഞ്ഞു.