തിരുവനന്തപുരം: അതെ നമ്മള്‍ അതിജീവിക്കും.. കേരളം പ്രളയക്കെടുതിയില്‍ ആയ സമയം മുതല്‍ മലയാളികള്‍ എല്ലാവരും പറഞ്ഞു തുടങ്ങിയതാണ് ഈ വാക്കുകള്‍. ആ അതീജീവനത്തിന്റെ വഴിയിലേക്ക് കേരളം കടന്നുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ന്യൂനമര്‍ദ്ദഭീതി ഒഴിഞ്ഞ് കേരളത്തില്‍ അങ്ങോളമിങ്ങോളം മാനം തെളിഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ മഴ പെയ്തത് ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ തെളിഞ്ഞ പ്രകൃതിയായിരുന്നു ഇന്നലെ. ഇതോടെ വരും ദിവസങ്ങളില്‍ മാനം തെളിയുമെന്നും എല്ലാം ശരിയാകുമെന്നുമുള്ള പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. ഇനി പുനരധിവാസവും വീട്ടിലേക്കുള്ള തിരിച്ചുപോക്കുമാണ് മലയാളികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുന്ന കാര്യം.
ദുരിതാശ്വാസ ക്യാംപുകളില്‍ മാത്രം ഇപ്പോള്‍ കഴിയുന്നത് 10.58 ലക്ഷം പേരാണ്. ബന്ധുവീടുകളിലും മറ്റുമായി വേറെയും പതിനായിരങ്ങളുണ്ട്. പ്രളയഭീതിയൊഴിഞ്ഞ് അതിജീവനത്തിനൊരുങ്ങുന്ന കേരളത്തിന്റെ നേര്‍കാഴ്‌ച്ച ഭീതിപ്പെടുത്തുന്നതാണ്. ചെങ്ങന്നൂര്‍ മേഖലയില്‍ 97 ശതമാനം പേരെയും കുട്ടനാട്ടില്‍ 95 ശതമാനം പേരെയും ഒഴിപ്പിച്ചു. അതേസമയം, എറണാകുളം ജില്ലയില്‍ പറവൂരിന്റെ ഉള്‍പ്രദേശങ്ങളായ പുത്തന്‍വേലിക്കര, വടക്കേക്കര, ചേന്ദമംഗലം എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ചിലര്‍ ക്യാംപുകളിലേക്കു വരാന്‍ കൂട്ടാക്കുന്നില്ലെന്നും അധികൃതര്‍ പറയുന്നു. തൃശൂരിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഇപ്പോള്‍ ദുരിതം. കരുവന്നൂര്‍ പുഴ ഗതി മാറിയതിനെത്തുടര്‍ന്ന് ആറാട്ടുപുഴ, കാറളം, വല്ലച്ചിറ, ചേര്‍പ്പ്, താന്ന്യം, അന്തിക്കാട് എന്നിവിടങ്ങളില്‍ ആറടി വരെ വെള്ളം ഉയര്‍ന്നു. അര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള കുമരകം, തിരുവാര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. അപ്പര്‍ കുട്ടനാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നു പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. പത്തനംതിട്ട ജില്ലയില്‍ റാന്നി, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി മേഖലകള്‍ വെള്ളമൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 25 മരണങ്ങളില്‍ എട്ടെണ്ണം തൃശൂരിലും ഒന്‍പതെണ്ണം എറണാകുളത്തുമാണ്. അഞ്ചു ദിവസങ്ങളിലായി സംസ്ഥാനത്തു മഴക്കെടുതികളില്‍ മരിച്ചവര്‍ 220. ഇന്നലെ 13 പേര്‍ മരിച്ചതായാണു സര്‍ക്കാരിന്റെ അറിയിപ്പ്. 7.24 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ ജില്ലകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം 10,58,640 പേര്‍ ക്യാംപുകളിലാണ്.
മഴ ദുര്‍ബലം; ജാഗ്രതാനിര്‍ദ്ദേശം പിന്‍വലിച്ചു
മഴ ദുര്‍ബലമായതോടെ സംസ്ഥാനത്തു ജാഗ്രതാനിര്‍ദ്ദേശം പൂര്‍ണമായി പിന്‍വലിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ മാത്രം ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ മഴയെ സ്വാധീനിക്കില്ല. അതേസമയം, മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
പകുതിയിലേറെ റൂട്ടുകളില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി
സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലേക്ക്. തിരുവനന്തപുരം കോട്ടയം എറണാകുളം പാതയും ഷൊര്‍ണൂര്‍ കോഴിക്കോട് പാതയും ഇന്നലെ തുറന്നതോടെ 60 ശതമാനം റൂട്ടുകളില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ആലപ്പുഴ വഴിയും പാലക്കാട് ഷൊര്‍ണൂര്‍ റൂട്ടിലും കോഴിക്കോട് മംഗളൂരു റൂട്ടിലും നേരത്തെ മുതല്‍ ട്രെയിനുകള്‍ ഓടുന്നുണ്ടായിരുന്നു.
ഷൊര്‍ണൂര്‍എറണാകുളം, കൊല്ലംചെങ്കോട്ട, തൃശൂര്‍ ഗുരുവായൂര്‍ റൂട്ടുകളിലാണ് ഇനി ഗതാഗതം പുനഃസ്ഥാപിക്കാനുള്ളത്. ഷൊര്‍ണൂര്‍ എറണാകുളം പാത ഗതാഗത യോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണു റെയില്‍വേ. ഇന്നു രാവിലെ 10 മണിയോടെ ഇതില്‍ ഷൊര്‍ണൂര്‍തൃശൂര്‍ പാത ഭാഗികമായി തുറക്കും. ഏതാനും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഷൊര്‍ണൂര്‍ എറണാകുളം പാതയില്‍ ഇന്നു വൈകിട്ട് നാലുവരെ ഗതാഗതം നിര്‍ത്തി. മഴവെള്ളപ്പാച്ചിലില്‍ കറുകുറ്റി, നെല്ലായി, വടക്കാഞ്ചേരി ഭാഗങ്ങളില്‍ പാളങ്ങള്‍ക്കു കേട് സംഭവിച്ചിട്ടുണ്ട്. നെല്ലായില്‍ പാളത്തിന്റെ അടിഭാഗം ഒലിച്ചു പോയി.
ചാലക്കുടി ഭാഗത്തു വൈദ്യുതി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലികളും ബാക്കിയാണ്. ഗതാഗതയോഗ്യമാക്കിയ കോട്ടയം, ആലപ്പുഴ പാതകളിലൂടെ ഇന്നലെ ട്രെയിനുകള്‍ ഓടി. ഇന്ന് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പാലക്കാട്‌കോഴിക്കോട് പാതയില്‍ മംഗളൂരുചെന്നൈ എഗ്മോര്‍, കോയമ്ബത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി, കോയമ്ബത്തൂര്‍മംഗളൂരു പാസഞ്ചര്‍ എന്നീ ട്രെയിനുകളും മുഴുവന്‍ പാസഞ്ചറുകളും ഇന്നുമുതല്‍ ഒാടിത്തുടങ്ങും.
കണ്ണൂര്‍യശ്വന്ത്പുര്‍ സൂപ്പര്‍ ഫാസ്റ്റ് ഇന്നലെ സര്‍വീസ് ആരംഭിച്ചു. ഷൊര്‍ണൂര്‍എറണാകുളം പാത തുറക്കുന്നതോടെ ഇപ്പോള്‍ തിരുനെല്‍വേലി, മധുര വഴി തിരിച്ചു വിട്ടിരിക്കുന്ന ട്രെയിനുകള്‍ കേരളത്തിലൂടെ ഓടും. ഗതാഗതം പുനഃസ്ഥാപിച്ചാലും ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഒരാഴ്ചയോളം വേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. ഒന്നിലധികം ദിവസം യാത്ര ചെയ്യേണ്ട റൂട്ടുകളിലെ ദീര്‍ഘദൂര ട്രെയിനുകള്‍ സാധാരണ നിലയിലാകാന്‍ പിന്നെയും സമയം വേണ്ടി വരും. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ കേരളത്തിലൂടെയുള്ള സര്‍വീസുകളാണു ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്.
ഈമാസം 26 മുതല്‍ നെടുമ്ബാശ്ശേരി വിമാനത്താവളം സാധാരണ നിലയിലാകും
തിങ്കളാഴ്‌ച്ച മുതല്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ആരംഭിക്കുന്ന ടെര്‍മിനലിന്റെ പ്രവര്‍ത്തനനിയന്ത്രണം സിയാലിന്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ സിയാല്‍ നേവല്‍ ബേസ് വിമാനത്താവളത്തിലേക്ക് മാറ്റും. സുരക്ഷാച്ചുമതലകള്‍ക്കായി സിഐ.എസ്.എഫിനെയും വിന്യസിക്കും. 70 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍. വിമാനമായിരിക്കും താത്കാലിക സര്‍വീസിന് ഉപയോഗിക്കുക. കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് രണ്ടു സര്‍വീസുകളും കോയമ്ബത്തൂരിലേക്ക് ഒരു സര്‍വീസുമാണ് നിത്യേനയുള്ളത്. എയര്‍ ഇന്ത്യയുടെ ഉപകമ്ബനിയായ അലയന്‍സ് എയറാണ് ഈ മൂന്നു സര്‍വീസുകളും നടത്തുക.
കൊച്ചി വിമാനത്താവളം 26-വരെയാണ് അടച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ പലരും ദുരിതാശ്വാസ ക്യാമ്ബുകളിലാണ്. തിങ്കളാഴ്ച ഓരോ വകുപ്പിലെയും ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലെത്തിച്ച് വിശദമായ പരിശോധന തുടങ്ങും. വിമാനത്താവളത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഒഴികെ ബാക്കിയെല്ലായിടങ്ങളിലും വെള്ളം കയറിയിരുന്നു. ഉപകരണങ്ങളെല്ലാം പരിശോധിച്ച്, തകരാറുണ്ടെങ്കില്‍ പരിഹരിച്ച് ഡി.ജി.സി.എ.യുടെ അനുമതിയുംകൂടി ലഭിച്ചതിനുശേഷമേ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയൂ.
റണ്‍വേയില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ വെള്ളം കയറി ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ തകരാറിലായതിനാലാണ് വിമാനസര്‍വീസുകള്‍ പെട്ടെന്ന് പുനരാരംഭിക്കാന്‍ കഴിയാത്തത്. ആഭ്യന്തര ടെര്‍മിനലും റണ്‍വേയും ഓപ്പറേഷന്‍ ഏരിയയും പൂര്‍ണമായും ശുചീകരിക്കേണ്ടതുണ്ട്.
അണക്കെട്ടുകള്‍ ഷട്ടറിട്ടു
കനത്ത മഴ കുറഞ്ഞതോടെ അണക്കെട്ടുകള്‍ക്ക് ഷട്ടറുകള്‍ വീണു തുടങ്ങി. വിവിധ അണക്കെട്ടുകളില്‍ നിന്നു പുറത്തുവിടുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് താണുതുടങ്ങി. മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. പത്തനംതിട്ട ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചുതുടങ്ങി. നിലവില്‍ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ മാത്രമാണ് നേരിയ തോതില്‍ തുറന്നിരിക്കുന്നത്. പമ്ബയില്‍ 33 മില്ലിമീറ്ററും കക്കിയില്‍ 70 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാല്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. വയനാട്ടില്‍ ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളില്‍നിന്നു പുറത്തുവിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ബാണാസുരയുടെ നാലു ഷട്ടറുകളില്‍ ഒരെണ്ണം കഴിഞ്ഞ ദിവസം അടച്ചു.
ഡാമുകളിലെ ഇപ്പോഴത്തെ സ്ഥിതി: (ജലനിരപ്പ്)
ഇടുക്കി 2402.20 അടി, മുല്ലപ്പെരിയാര്‍ 140 അടി, പമ്ബ 986 മീറ്റര്‍, കക്കി ആനത്തോട് 981.41 മീറ്റര്‍, ബാണാസുര 774.60 മീറ്റര്‍, കാരാപ്പുഴ 758. 2 മീറ്റര്‍, ഭൂതത്താന്‍കെട്ട് 29.70 മീറ്റര്‍, കക്കയം 2485.8 അടി, പെരുവണ്ണാമൂഴി 129.9 അടി, തെന്മല പരപ്പാര്‍ 384.79 അടി, ചിമ്മിനി 75.5 മീറ്റര്‍, വാഴാനി 61.51 മീറ്റര്‍, ഇടമലയാര്‍ 168.33 മീറ്റര്‍
റോഡുകളില്‍ നിന്നും പിന്മാറി പ്രളയജലം
തുടര്‍ച്ചയായ രണ്ടാംദിവസവും മഴ കരുണ കാണിച്ചതോടെ കേരളം പ്രളയത്തിന്റെ പിടിയില്‍ നിന്ന് പതിയെ മോചനം നേടുന്നു. റോഡുകളില്‍ നിന്നും പ്രളയജലം പിന്മാറി ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തകര്‍ന്ന റോഡുകളാണ് പ്രശ്‌നത്തിന് ഇടയാക്കുന്നത്. 23 വരെ കാര്യമായ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനി ജനജീവിതം സാധാരണ നിലയിലാക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
3734 ദുരിതാശ്വാസ ക്യാന്പുകളിലായി എട്ടര ലക്ഷത്തോളം പേര്‍(8,46,680). ഞായറാഴ്ച 22,034 പേരെ രക്ഷപ്പെടുത്തി. റോഡുകള്‍ നശിച്ചതില്‍ 4450 കോടി രൂപയുടെ പ്രാഥമിക നഷ്ടം. 221 പാലങ്ങള്‍ പ്രളയത്തില്‍ പെട്ടു. ഇതില്‍ 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഞായറാഴ്ച മഴക്കെടുതിയില്‍ സംസ്ഥാനത്ത് 15 പേര്‍ മരിച്ചു. ഇടുക്കിയില്‍ ഒരു സ്ത്രീ വെള്ളത്തില്‍ വീണു മരിച്ചു. ചെങ്ങന്നൂരില്‍ കല്ലിശ്ശേരി മോഹനന്റെ മകന്‍ ശ്യാം മരിച്ചു. കുട്ടനാട്ടില്‍ ഒരു രക്ഷാപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്ത് അഞ്ചുപേര്‍ മരിച്ചു. ഏലൂരില്‍ പ്രളയത്തില്‍പ്പെട്ട വീടിന്റെ അവസ്ഥ കണ്ട് വീട്ടുടമ ഹൃദയം തകര്‍ന്ന് മരിച്ചു. കഴിഞ്ഞദിവസം പള്ളിമേട തകര്‍ന്ന് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. കഴിഞ്ഞദിവസം എറണാകുളത്ത് ദുരിതാശ്വാസ ക്യാന്പുകളില്‍ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെകൂടി മൃതദേഹം കിട്ടി. കോഴിക്കോട് ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ഒരാളുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. തൃശ്ശൂരില്‍ അഞ്ചുപേരുടെ മരണംകൂടി സ്ഥിരീകരിച്ചു.
ചെങ്ങന്നൂരില്‍ ഇരമല്ലിക്കര ഭാഗത്ത് ഒരുവീട്ടില്‍ രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലയിടത്തും മൃതദേഹങ്ങളുടെ മണമാണെന്നും പറയുന്നു. പാണ്ടനാട്, മംഗലം, ഇരമല്ലിക്കര, കല്ലിശ്ശേരി എന്നിവിടങ്ങളിലെല്ലാം മരണമുണ്ടായിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരും പറഞ്ഞു. പലയിടത്തും വെള്ളമിറങ്ങിയപ്പോള്‍ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ചെങ്ങന്നൂരെ കാറ്റിന് ഇപ്പോള്‍ അഴുകിയ ഗന്ധമാണ്. ആലപ്പുഴയില്‍ പ്രളയത്തില്‍പ്പെട്ട് 817 കാലികള്‍ ചത്തതായി ക്ഷീരവികസന വകുപ്പ്. ഇതിനൊപ്പം മറ്റു വളര്‍ത്തുമൃഗങ്ങളും വന്‍തോതില്‍ ചത്തിട്ടുണ്ട്.
ആലുവയിലും ചാലക്കുടിയിലും കുട്ടനാട്ടിലും വെള്ളം താഴ്ന്നുതുടങ്ങി. ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളില്‍ ചെളി നിറഞ്ഞതിനാല്‍ പകര്‍ച്ചവ്യാധികള്‍ തലപൊക്കുമെന്ന ആശങ്കയുണ്ട്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 97 ശതമാനം പേരെയും രക്ഷിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ചെങ്ങന്നൂരില്‍ പലരും വീടുവിട്ട് ദുരിതാശ്വാസ ക്യാന്പിലേക്ക് പോകാന്‍ തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ ഞായറാഴ്ച മഴ മാറിനിന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗംകൂട്ടി. അപ്പര്‍ കുട്ടനാട് പ്രദേശവും പന്തളവും മെല്ലെ കരകയറുന്നു. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കുട്ടനാട്ടിലെ എല്ലാ ആശുപത്രികളിലും വെള്ളം കയറി പ്രവര്‍ത്തനം മുടങ്ങി. ഇവിടത്തെ ഉപകരണങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സെല്‍ തുടങ്ങി. നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ തിങ്കളാഴ്ച മുതല്‍ കൊച്ചി നേവല്‍ ബേസ് വിമാനത്താവളത്തില്‍ നിന്ന് കോയന്പത്തൂരിലേക്കും ബെംഗളൂരുവിലേക്കും താത്കാലിക വിമാനസര്‍വീസ് ആരംഭിക്കും.
ഇടുക്കി ചെറുതോണി, മുല്ലപ്പെരിയാര്‍, എറണാകുളം ഇടമലയാര്‍, പത്തനംതിട്ട കക്കി തുടങ്ങിയ പ്രധാന അണക്കെട്ടുകളില്‍ നിന്നെല്ലാം വെള്ളം പുറത്തേക്കൊഴുക്കുന്നതിന്റെ അളവ് കുറച്ചു. ഇടുക്കി അണക്കെട്ടില്‍ നേരിയ തോതില്‍ വെള്ളം ഉയരുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2402.30 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലെത്തി. ഗതാഗതമാര്‍ഗങ്ങള്‍ പലതും പുനഃസ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര ബസുകള്‍ 80 ശതമാനവും പുനരാരംഭിച്ചു. ബെംഗളൂരു, മൈസൂര്‍, കോയമ്ബത്തൂര്‍, മൂകാംബിക, വോള്‍വോ, സ്‌കാനിയ ബസുകള്‍ തിങ്കളാഴ്ച ഓടിത്തുടങ്ങും.
പുനരധിവാസത്തിന് സഹായിക്കാമെന്ന് യു.എന്‍.
പ്രളയക്കെടുതിയില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കേരളത്തിന് ഐക്യരാഷ്ട്രസഭയുെട സഹായവാഗ്ദാനം. മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യയിലെ യു.എന്‍. റസിഡന്റ് കമ്മിഷണര്‍ അറിയിച്ചതാണിക്കാര്യം. കേരളം അനുവദിച്ചാല്‍ ഇവിടെയെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാമെന്നും യു.എന്‍. പ്രളയ പ്രതിസന്ധിയെ ഒരുമയോടെ നേരിട്ട കേരളത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിനന്ദനം. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ഗവര്‍ണര്‍ പി. സദാശിവത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും രാഷ്ട്രപതി ഫോണില്‍ ചോദിച്ചറിഞ്ഞു. രാജ്യം കേരളജനതയ്‌ക്കൊപ്പമുണ്ടെന്ന് ഉറപ്പുനല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സൈന്യം, ദുരന്തനിവാരണ സേന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യുവജനങ്ങള്‍ എന്നിവരുടെ പ്രതിബദ്ധതയെ രാഷ്ട്രപതി അഭിനന്ദിച്ചു.