മറയൂര്‍: ( 17.09.2018) പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന മറയൂര്‍ മൂന്നാര്‍ സംസ്ഥാനപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതോടുകൂടി മറയൂര്‍ വിനോദ സഞ്ചാരമേഖല പുത്തന്‍ ഉണര്‍വിലേക്ക്. പെരിയവരൈ താത്കാലിക പാലത്തിന്റെ നിര്‍മാണം രണ്ടുദിവസത്തിനകം പൂര്‍ത്തികരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
മറയൂര്‍, കാന്തല്ലൂര്‍ മലനിരകളില്‍ വ്യാപകമായി കുറിഞ്ഞിപൂക്കള്‍ പൂവിട്ടിരിക്കുന്നതും ആപ്പിള്‍ വിളവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതും ശീതകാല പച്ചക്കറി, പഴവര്‍ഗങ്ങള്‍ വിളഞ്ഞു കിടക്കുന്നതും സഞ്ചാരികള്‍ക്ക് നവ്യാനുഭൂതി നല്‍കുന്നു.
തൂവാനം, കരിമൂട്ടി, ഇരച്ചില്‍ പാറ വെള്ളച്ചാട്ടങ്ങള്‍ കൂടുതല്‍ സമ്ബന്നമായി. പ്രകൃതി ദുരന്തതീവ്രത അധികം അനുഭവപ്പെടാത്ത മേഖലയാണ് അഞ്ചുനാട്. തമിഴ്‌നാട്ടില്‍നിന്നുമുള്ള സഞ്ചാരികള്‍ എത്തി തുടങ്ങിയെങ്കിലും മൂന്നാര്‍ മേഖലയിലേക്കുള്ള പാത തകര്‍ന്നുകിടന്നതിനാല്‍ കേരളത്തില്‍നിന്നും സഞ്ചാരികള്‍ക്ക് മറയൂര്‍ മേഖലയിലെത്തുവാന്‍ കഴിഞ്ഞിരുന്നില്ല.