• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മരട് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്

കൊച്ചി : സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ച അപകടത്തിനു കാരണം ഡ്രൈവര്‍ അനില്‍കുമാറിന്റെ അശ്രദ്ധയാണെന്ന് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡായിരുന്നിട്ട് കൂടി അമിതവേഗതയില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ അനില്‍കുമാര്‍ അപകടം നടന്ന സ്ഥലത്തിന് അടുത്തുള്ളയാളാണ്. സ്ഥിരമായി ഈ റോഡിലൂടെയാണ് വാഹനമോടിക്കുന്നത്. അശ്രദ്ധ കൊണ്ടല്ലാതെ ഇത്തരമൊരു അപകടം സംഭവിക്കില്ല. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ക്കും ആര്‍.ടി.ഒ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. ഇത് പിന്നീട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. 

അനില്‍കുമാറിനെതിരെ ഐ.പി.സി 304 എ വകുപ്പ് പ്രകാരം മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്‌ത്തിയ അപകടമുണ്ടായത്. മരടിലെ കിഡ്സ് വേള്‍ഡ് എന്ന ഡേകെയര്‍ സ്ഥാപനത്തിന്റെ വാഹനമാണ് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. റോഡിന്റെ സൈഡ് ഇടിഞ്ഞ് വാഹനം കുളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍വാഴക്കാല മൂലേപ്പാടത്ത് ഏഴാം അവന്യുവില്‍ സനല്‍കുമാറിന്റെയും സ്മിഷയുടെയും ഏക മകള്‍ വിദ്യാലക്ഷ്മി (4), ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീ നിലയത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ആദിത്യന്‍ (4), സ്കൂളിലെ ആയ മരട് കൊച്ചിറപ്പാടത്ത് ഉണ്ണിയുടെ ഭാര്യ ലത (34) എന്നിവര്‍ മരിച്ചു.

Top