തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രിയായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി നാളെ വൈകുന്നേരം അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവച്ചു. മാത്യു ടി തോമസ് രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.
ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മാത്യു ടി തോമസ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്.വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്.
മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറയുന്നത്. കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്ബോള്‍, അദ്ദേഹം വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു ടി തോമസിന് നല്‍കണമെന്നും ഈ വിഭാഗം ആവശ്യമുന്നയിക്കുന്നു. അല്ലെങ്കില്‍ സി കെ നാണുവിനെ പ്രസിഡന്റാക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം നീലലോഹിതദാസന്‍ നാടാരെ പ്രസിഡന്റാക്കാനാണ് കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ ആലോചന.