• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

രാജ്യത്ത് ഭരണമികവില്‍ കേരളത്തിന് ഒന്നാം സ്ഥാനം; ഏറ്റവും പിന്നില്‍ ബീഹാര്‍

ബംഗളൂരു: രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്‌ചവയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ബീഹാര്‍ ഏറ്റവും പുറകില്‍. പബ്ലിക് അഫയേഴ്‌‌സ് സെന്റര്‍ (പിഎസി) പുറത്തു വിട്ട പട്ടികയിലാണ് കേരളം ഒന്നാം നിലനിര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തിന്റെ ഭരണമികവിന് അംഗീകാരം ലഭിക്കുന്നത്.

രണ്ടാം സ്ഥാനത്ത് തമിഴ്നാടും തെലങ്കാന മൂന്നാം സ്ഥാനത്തും കര്‍ണാടക നാലാം സ്ഥാനത്തുമാണ്. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളാണ് ഭരണനിര്‍വഹണത്തില്‍ ഏറ്റവും പുറകില്‍. സാമൂഹിക സുരക്ഷ, നിയമവാഴ്ച, അടിസ്ഥാന സൗകര്യങ്ങള്‍, ക്രമസമാധാനം, വനിതശിശുസുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പട്ടികയില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് നല്‍കിയിട്ടുളളത്.

സംസ്ഥാനങ്ങള്‍ നല്‍കി വരുന്ന സാമൂഹികസാമ്ബത്തിക വികസനങ്ങളെ അടിസ്ഥാനപ്പെടുത്തി, വിശദമായ വിവരങ്ങള്‍ ശേഖരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. 30 പ്രധാന വിഷയങ്ങളും നൂറിലധികം സൂചകങ്ങളും പഠനത്തിനായി തെരഞ്ഞെടുത്തിരുന്നു. രാജ്യത്തിന്റെ സുസ്ഥിര വികസനം മുന്‍നിര്‍ത്തി 1994 ല്‍ ഇന്ത്യന്‍ സാമ്ബത്തിക വിദഗ്ധനായ സാമുവല്‍ പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പിഎസി 2016 മുതല്‍ ഈ പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്. തുടക്കം മുതല്‍ കേരളം തന്നെയാണ് ഒന്നാമത് നില്‍ക്കുന്നത്.

സംസ്ഥാനങ്ങള്‍ എത്രത്തോളം ശിശുസൗഹാര്‍ദ്ദപരമാണെന്ന കാര്യവും ഇത്തവണ പരിശോധിച്ചിരുന്നു. കുട്ടികള്‍ക്ക് മികച്ച ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കേരളം തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

രാജ്യത്തെ സംസ്ഥാനങ്ങളെ വിലയിരുത്താന്‍ സാധിക്കുന്ന ഏറ്റവും മികച്ച പട്ടികയാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍ പ്രസിദ്ധീകരിക്കുന്നതെന്ന് പിഎസി ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അഭിപ്രായപ്പെട്ടു.

Top