• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കെവിന്റെ മരണം: പ്രതികളെ സഹായിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍; എസ്‌ഐയും പ്രതിയാകും

കോട്ടയം: കോട്ടയത്ത് പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ വരനായ കെവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് പുനലൂരിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ഗാന്ധിനഗര്‍ പൊലിസ് എഎസ്‌ഐ ബിജു, പൊലീസ് ഡ്രൈവര്‍ അജയ്കുമാര്‍ എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

എഎസ്‌ഐ ബിജുവും കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ടുപോയ കൊല്ലപ്പെട്ട കെവിന്റെ ഭാര്യാസഹോദരന്‍ കൊല്ലം തെന്മല സ്വദേശി ഷാനുവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതുകൂടാതെ കെവിനെ മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് പുനലൂരില്‍ നിന്ന് മൂന്നു കാറുകളിലായി എത്തിയ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയപ്പോള്‍ എഎസ്‌ഐയും പൊലീസ് ഡ്രൈവര്‍ അജയ്കുമാറും സഹായം ചെയ്തുകൊടുത്തുവെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതികളോട് പൊലീസുകാര്‍ പണം വാങ്ങിയാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോകാന്‍ സഹായം ചെയ്തുകൊടുത്തതെന്ന് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെവിന്‍ കൊല്ലപ്പെടുന്നതിന് തലേദിവസം തന്നെ പട്രോളങ്ങിനിടെ പ്രതികള്‍ എഎസ്‌ഐ ബിജുവിന്റേയും സംഘത്തിന്റെയും കൈയില്‍പെട്ടിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ കൂടുതല്‍ അന്വേഷണം നടത്താതെ വെറുതെവിട്ടു. ഈ സാഹചര്യത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി.എഎസ്‌ഐ ബിജുവിനെതിരേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമികള്‍ക്ക് വീട് കാട്ടിക്കൊടുത്തതും സംഘത്തെ പോകാന്‍ അനുവദിച്ചതും ബിജുവാണെന്ന് ഡിജിപിക്ക് ഐജി കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് എഎസ്‌ഐയെയും പൊലീസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.

അതേസമയം, കെവിനെ തട്ടിക്കൊണ്ടുപോയി കൊലചെയ്ത സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെയും പ്രതിപ്പട്ടികയിലുള്‍പ്പെടുത്തുമെന്നാണ് വിവരം. എസ്‌ഐ ഷിബുവിനെ തിങ്കളാഴ്ച തന്നെ സസ്‌പെന്റ് ചെയ്തിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലുള്ളതിനാല്‍ പിന്നീട് അന്വേഷണം നടത്താമെന്ന നിലപാട് എസ്‌ഐ സ്വീകരിച്ചുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ഇതേതുടര്‍ന്നാണ് അന്വേഷണത്തില്‍ വീഴ്ചവരുത്തിതിന് എസ്‌ഐ ഷിബുവിനെ സസ്‌പെന്റ് ചെയ്തത്.അതേസമയം എസ്‌ഐ ഷിബുവിനൊപ്പം സസ്പെന്റ് ചെയ്യപ്പെട്ട എഎസ്‌ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top