ആഴ്‌ചകള്‍ക്ക് മുമ്പ് തിരുവല്ലയില്‍ ആയിരുന്നു പ്രണയപ്പക എരിഞ്ഞടങ്ങിയതെങ്കില്‍ ഇന്നതിന്റെ തനിയാവര്‍ത്തനം തൃശൂരിലാണ്. തിരുവല്ലയിലെ സംഭവത്തിലും തൃശൂരിലെ സംഭവത്തിനും സമാനതകളേറെയാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണു രണ്ടു പെണ്‍കുട്ടികളുടെയും ജീവനെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്.
കൊല്ലപ്പെട്ട നീതുവും(22) സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നീതീഷും (32) മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.
അമ്മയുടെ ആത്മഹത്യയും അച്ഛന്‍ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളര്‍ത്തിയിരുന്നു. എങ്കിലും പഠിച്ച് മുന്നേറണമെന്ന സ്വപ്‌നങ്ങള്‍ക്കു കൂടിയാണ് നിതീഷിന്റെ കൊടുംക്രൂരത അവസാനം കുറിച്ചത്. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചുവച്ചു. ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും പ്രതിയെ പൊലീസിന് കൈമാറി.
രാവിലെ ഏഴിനും ഏഴരയ്‌ക്കും ഇടയിലാണു സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണു മൃതദേഹം കിടന്നിരുന്നത്. ബൈക്കിലാണ് അക്രമി എത്തിയത്. പിന്‍വാതില്‍ വഴിയാണ് വീട്ടില്‍ കയറിയതെന്നു സംശയിക്കുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.