• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജമ്മു കശ്മീരില്‍ എട്ട് വയസ്സുകാരിയെ കൊന്ന കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍നിന്നും നിഷ്ഠൂരരായ ഒരു കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന എട്ട് വയസ്സുകാരിയെ ഓര്‍ത്ത് രാജ്യമൊന്നടങ്കം തല കുനിച്ച്‌ പോവുന്നതിനിടയിലാണ് സംഭവത്തിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. ദിവസങ്ങളോളം ആ കുഞ്ഞ് നേരിടേണ്ടിവന്ന വേദനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്

ആ പിഞ്ചു കുഞ്ഞ് തന്റെ അവസാന നിമിഷങ്ങളില്‍ അനുഭവിക്കേണ്ടിവന്ന വേദനയ്ക്ക് മുന്നില്‍ ഒരു കണ്ണീരുകൊണ്ടും പകരം വീട്ടാനാകില്ലെന്നത് കുറ്റപത്രത്തില്‍ നിന്നും വ്യക്തം. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിരയാക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലുമായിരുന്നു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്ന് മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ലക്ഷ്യത്തോടെയായിരുന്നു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. റവന്യൂവകുപ്പില്‍നിന്ന് വിരമിച്ച സഞ്ജിറാമാണ് ബലാംത്സംഗ കൊലപാതകത്തിന്‍ഫെ മുഖ്യ സൂത്രധാരന്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാംത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്. ഇയാളെ കൂടാതെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ഈ കൊടും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എസ്പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്നാണ് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് വാങ്ങിക്കുന്നത്.

തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ സഞ്ജി റാമിന്റെ നിര്‍ദേശ പ്രകാരം മരുമകന്‍ മയക്ക് മരുന്ന് നല്‍കി ക്ഷേത്രത്തിനുള്ളിലെത്തിച്ച്‌ അടച്ചിടുകയായിരുന്നു. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി പെണ്‍കുട്ടിയ്ക്ക് മയക്ക് മരുന്ന് നല്‍കിയിരുന്നു. സഞ്ജി റാമിന്റെ മരുമകന്‍ തന്നെയാണ് പെണ്‍കുട്ടിയെ ആദ്യം ബലാംത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുറ്റകൃത്യത്തില്‍ പങ്കാളിയാക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറി മാറി കുഞ്ഞിനെ ബലാംത്സംഗം ചെയ്തുകൊണ്ടിരുന്നു. സംഭവം അറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കി ഒതുക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് സഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച്‌ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലുന്നതിന് തൊട്ടുമുന്‍പും പൊലീസുകാരനായ ഖജൂരിയ ഒരിക്കല്‍ കൂടി കുട്ടിയെ ബലാംത്സംഗം ചെയ്‌തെന്നും മരണം ഉറപ്പിക്കാനാണ് പാറക്കല്ലുകൊണ്ട് ഇടിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തില്‍ സഞ്ജിറാം മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് പ്രതികള്‍.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഇതിനിടെ ഖജൂരിയയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Top