എന്‍ജിനീയറിങ്/ആര്‍ക്കിടെക്‌ചര്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ഇത്തവണ 1,42,921 പേര്‍. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചുവരെയായിരുന്നു അപേക്ഷാ സമര്‍പ്പണത്തിനുള്ള സമയം. ജനനത്തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കേണ്ടത്.
മറ്റ് രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാം. 1.42 ലക്ഷം അപേക്ഷകരില്‍ 96,535 പേര്‍ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കാണ് അപേക്ഷിച്ചത്. 92,905 പേര്‍ എന്‍ജിനീയിറിങ്ങിനും അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്ങിനും മെഡിക്കലിനും അപേക്ഷിച്ചവര്‍ ഒന്നേകാല്‍ ലക്ഷത്തോളം പേരുണ്ട്.
ഏപ്രില്‍ 22, 23 തീയതികളിലാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ. മേയ് അഞ്ചിന് ദേശീയതലത്തില്‍ നടക്കുന്ന നീറ്റ് യു.ജി. പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം. മുഴുവന്‍ കോഴ്‌സുകളിലേക്കും പ്രവേശന പരീക്ഷാ കമ്മിഷണറാണ് അലോട്ട്‌മെന്റ് നടത്തുക.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും അപേക്ഷിക്കാം. മാര്‍ച്ച് ഏഴ് വൈകീട്ട് അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്.