• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാലായുടെ മാണിസാര്‍; മാണി സാറിന്റെ പാലാ

പാലായെന്നാല്‍ കെ എം മാണി. പാലായെ മാണിസാര്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി. പാലാ നിവാസികള്‍ അദ്ദേഹത്തിന്റെ മക്കളുമായി.

കെ എം മാണിക്ക്‌ മുന്‍പ്‌ പാലാ എന്നൊരു നിയോജക മണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂര്‍ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത്‌ 1965ലാണ്‌. പാലാ എന്ന ആദ്യനിയോജകമണ്ഡലത്തിന്റെ ആദ്യതിരഞ്ഞെടുപ്പ്‌്‌. കെ എം മാണി ആദ്യം സ്ഥാനാര്‍ത്ഥിയായതും ജയിച്ചതും ആവര്‍ഷം തന്നെ. അന്നുമുതല്‍ പാലാ മണ്ഡലം കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു.

മരങ്ങാട്ടുപള്ളിക്കാരനും വക്കീലും കോണ്‍ഗ്രസില്‍ പി ടി ചാക്കോയുടെ ശിഷ്യനുമായിരുന്ന കെ എം മാണി ഒരു വര്‍ഷം മുന്‍പ്‌ മാത്രം പിറന്ന കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായാണ്‌ പാലായില്‍ കന്നിയങ്കത്തിന്‌ ഇറങ്ങിയത്‌. ജയിച്ചെങ്കിലും നിയമസഭ രൂപീകൃതമായില്ല. രണ്ടുവര്‍ഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്‌. പാലായില്‍ നിന്നും അദ്ദേഹം എല്‍എംഎയായി. അന്നുതൊട്ട്‌ ഇന്നോളം മുടങ്ങാതെ 13 തവണ എംഎല്‍എയായി. തലമുറകൈമാറി പാലാ വിരലില്‍ മഷിപുരട്ടുന്നത്‌ കെ എം മാണിയെന്ന പാലാക്കാരുടെ സ്വന്തം മാണി സാറിനെ വിജയിപ്പിക്കാന്‍വേണ്ടി മാത്രമായി.

പാലായ്‌ക്ക്‌ കെ എം മാണി ആദ്യം കുഞ്ഞുമാണിയായിരുന്നു. പിന്നീടാണ്‌ ജനഹൃദയം അദ്ദേഹത്തെ മാണി സാറാക്കിയത്‌. അന്തരിച്ച മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പോലും ഒരു പൊതു ചടങ്ങില്‍ വച്ച്‌ നിങ്ങളെല്ലാം മാണി സാറെന്നുവിളിക്കുന്ന കെ എം മാണിയെ ഞാനും മാണി സാറെന്നാണ്‌ വിളിക്കുന്നത്‌ എന്ന്‌ പറയുകയുണ്ടായി. കെ എം മാണിക്കൊപ്പം പാലായുടെ രാഷ്ട്രീയവും വളര്‍ന്നു. മാണിയെ എതിര്‍ക്കുന്നവര്‍ കേരള കോണ്‍ഗ്രസിലും പാലായിലും ഉണ്ടായിട്ടുണ്ട്‌. എന്നാലും പാലാക്കാര്‍ക്ക്‌ മാണി സാര്‍ തന്നെയാണ്‌ പ്രിയപ്പെട്ടവന്‍. പാലായ്‌ക്ക്‌ ഒരു രാഷ്ട്രീയമേ ഉള്ളൂ അത്‌ മാണിയുടെ കേരള കോണ്‍ഗ്രസ്‌ ആണ്‌.

Top