സണ്‍റൈസേഴ്‌സിനെതിരായുള്ള നിര്‍ണായക പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 45 റണ്‍സ് തോല്‍വി. കെ. എല്‍.രാഹുലിന്റെ (79) ഒറ്റയാള്‍ പോരാട്ടത്തിനു പഞ്ചാബിനെ രക്ഷിക്കാനായില്ല. 213 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 167 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 212/6, കിങ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 167/8.
രണ്ടാം ഓവറില്‍ തന്നെ ക്രിസ് ഗെയ്‌ലിനെ ഡ്രസിങ് റൂമില്‍ എത്തിച്ച ഖലീല്‍ അഹമ്മദാണ് പഞ്ചാബിന്റെ വിജയ പ്രതീക്ഷ തകര്‍ത്തത്. ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റുകള്‍ നേടി. മായങ്ക് അഗര്‍വാള്‍ (27), നിക്കോളാസ് പുരാന്‍ (21), ഡേവിഡ് മില്ലര്‍ (11), ആര്‍.ആശ്വിന്‍ (പൂജ്യം), സിമ്രാന്‍ സിങ് (16), എം.അശ്വിന്‍ (1), മുജീബ് റഹ്മാന്‍ (പൂജ്യം) മുഹമ്മദ് ഷമി (1) എന്നിങ്ങനെയാണ് പഞ്ചാബ് ബാറ്റ്‌സ്‌മാന്‍മാരുടെ പ്രകടനം. സണ്‍റൈസേഴ്‌സിനായി റഷീദ് ഖാന്‍ മൂന്നും സന്ദീപ് ശര്‍മ രണ്ടും വിക്കറ്റുകള്‍ നേടി.
നേരത്തെ, ഡേവിഡ് വാര്‍ണറിന്റെ (81) ബാറ്റിങ് വെടിക്കെട്ടിന്റെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 212 റണ്‍സ് നേടിയത്. ടോസ് നേടി സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിന് അയച്ച പഞ്ചാബ് ക്യാപ്‌റ്റന്‍ അശ്വിന്റെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് പ്രകടനം.