ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തിന് പിന്നാലെയുണ്ടായ പുകശല്യം രൂക്ഷമായി തുടരുന്നു. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കുടം മേഖലകളിലാണ് പുകശല്യം രൂക്ഷമായി തുടരുന്നത്. പലയിടത്തും കാഴ്‌ച മറയ്‌ക്കുന്നവിധം പുക തിങ്ങിനിറഞ്ഞു. ഇതിനിടെ പുക ശ്വസിച്ച് ചിലര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടുതുടങ്ങി.
അതേസമയം,പുക ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഞായറാഴ്‌ച രാവിലെയോടെ പുനരാംരംഭിച്ചതായും കൂടുതല്‍ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിന് കഴിഞ്ഞദിവസമാണ് തീപിടിച്ചത്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും വ്യാപകമായി തീപിടിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. മാലിന്യക്കൂമ്പാരങ്ങളിലെ പ്ലാസ്റ്റിക് വസ്‌തുക്കള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെയാണ് രണ്ട് ദിവസമായി കൊച്ചി നഗരം പുകയില്‍ മുങ്ങിയത്.