• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കൊച്ചി വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ്‌ വിമാനം ജൂലൈ 14ന്‌

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ്‌ വിമാനം ജൂലൈ 14ന്‌ പറന്നുയരും. സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2,720 തീര്‍ഥാടകരാണ്‌ ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന്‌ യാത്രയാകുക. ലക്ഷദ്വീപില്‍ നിന്നുള്ള 342 ഹാജിമാരും ഇതില്‍ ഉള്‍പ്പെടും. ഹജ്ജ്‌ ക്യാമ്പ്‌ ജൂലൈ 13ന്‌ ഔദ്യോഗികമായി ആരംഭിക്കും. 14ന്‌ ഉച്ചക്ക്‌ രണ്ട്‌ മണിക്കാണ്‌ തീര്‍ഥാടകരുമായി ആദ്യ വിമാനം യാത്രയാകുന്നത്‌. ഈ വര്‍ഷം എയര്‍ ഇന്ത്യയാണ്‌ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ്‌ സര്‍വീസ്‌ നടത്തുക.

ഈ വര്‍ഷം മുതലാണ്‌ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ്‌ തീര്‍ഥാടകര്‍ക്കായി രണ്ട്‌ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിക്കപ്പെട്ടത്‌. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ പുറമെ കരിപ്പൂരില്‍ നിന്നും സംസ്ഥാന ഹജ്ജ്‌ കമ്മറ്റിയുടെ കീഴില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെടും.

കഴിഞ്ഞ വര്‍ഷം ഹജ്ജ്‌ ക്യാമ്പ്‌ ഒരുക്കിയ സിയാല്‍ ഏവിയേഷന്‍ അക്കാദമിയിലാണ്‌ ഈ വര്‍ഷവും നെടുമ്പാശ്ശേരിയില്‍ ക്യാമ്പ്‌ ഒരുക്കുന്നത്‌. ഹജ്ജ്‌ ക്യാമ്പിനായി മുന്‍ വര്‍ഷം നിര്‍മിച്ച ക്യാന്റീന്‍, ശുചിമുറി സൗകര്യങ്ങള്‍ അതേപടി തന്നെ ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്‌. താത്‌കാലികമായി ഒരുക്കേണ്ട മറ്റ്‌ സൗകര്യങ്ങളെ കുറിച്ചും ഇതിനകം തന്നെ വ്യക്തമായ രൂപരേഖ തയ്യാറാക്കിയിരുന്നു. സിയാലിന്റെ പൂര്‍ണ സഹകരണത്തോടെയായിരിക്കും നെടുമ്പാശ്ശേരി ഹജ്ജ്‌ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ നടക്കുക. ഇതിനായി ഏവിയേഷന്‍ അക്കാദമി താത്‌കാലികമായി വിട്ടുനല്‍കുകയാണ്‌ ചെയ്യുന്നത്‌.

Top