കൊച്ചിക്കാര്‍ക്ക് കെഎംആര്‍എല്ലിന്റെ ഓണസമ്മാനമായി മെട്രോ സെപ്‌റ്റംബര്‍ ആദ്യവാരം തൈക്കൂടം വരെയുള്ള സര്‍വീസ് ആരംഭിക്കും. മെട്രൊ ട്രെയിന്‍ മഹാരാജാസ് മുതല്‍ തൈക്കൂടം വരെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
രാവിലെ ഏഴുമണിയോടെയാണ് മെട്രോ പരീക്ഷണ ഓട്ടം നടത്തിയത്. യാത്രക്കാരുടെ ഭാരത്തിനു തുല്യമായ മണല്‍ ചാക്കുകള്‍ ട്രെയിനില്‍ കയറ്റി മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗത്തിലായിരുന്നു പരീക്ഷണ യാത്ര. ഡിഎംആര്‍സിയില്‍ നിന്നുള്ള വിദഗ്‌ധരും യാത്രയില്‍ പങ്കെടുത്തു. ട്രെയിന്‍ വരും ദിവസങ്ങളിലും പരീക്ഷണ ഓട്ടം തുടരും. കുറഞ്ഞ വേഗത്തിലുള്ള പരീക്ഷണ ഓട്ടം പൂര്‍ത്തിയായാല്‍ വേഗം കൂട്ടിയുള്ള പരിശോധനയും നടത്തും.
ഓരോ ഘട്ടത്തിലും വിശദമായ പരിശോധനകളാണു നടത്തുന്നത്. ട്രാക്കിന്റെ ഉറപ്പ്, ഓരോ സ്‌റ്റേഷനുകളിലെയും സിഗ്‌നല്‍ സംവിധാനങ്ങള്‍ തുടങ്ങി എല്ലാം പരിശോധനയുടെ പരിധിയില്‍ വരുന്നുണ്ട്. വൈറ്റില പാലത്തിന്റെ ഉറപ്പു പരിശോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ പാലത്തിനു മുകളില്‍ 24 മണിക്കൂര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടും പരിശോധന നടത്തും. പരിശോധന പൂര്‍ത്തിയായി ഒരാഴ്‌ചയ്‌ക്കുള്ളില്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ റൂട്ടിലുള്ള സ്‌റ്റേഷനുകളുടെ പണികളും അന്തിമ ഘട്ടത്തിലാണ്.
ഇതേ റൂട്ടില്‍ സൗത്ത് കാന്റിലിവര്‍ പാലം വരെയുള്ള ഒന്നേകാല്‍ കിലോമീറ്ററില്‍ നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. കാന്റിലിവര്‍ പാലത്തില്‍ 24 മണിക്കൂര്‍ നിര്‍ത്തിയിട്ടുള്ള പരിശോധനയും നടത്തിയിരുന്നു. വൈറ്റില വഴി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതു യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നത് കെഎംആര്‍എല്ലിനും നേട്ടമാകും.