െകാച്ചി: കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കറ്റില്‍ കുത്തിയിരുന്ന് സബ്ജഡ്ജിെന്റ പ്രതിഷേധം. ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജി എ.എം. ബഷീറാണ് ചൊവ്വാഴ്ച എറണാകുളം മാര്‍ക്കറ്റില്‍ ആറു മണിക്കൂര്‍ കുത്തിയിരുന്ന് േകാര്‍പറേഷന്‍ അധികൃതരെക്കൊണ്ട് മാലിന്യം മുഴുവന്‍ നീക്കം ചെയ്യിച്ചത്. രാവിലെ 10ന് തുടങ്ങിയ പ്രതിഷേധം വൈകീട്ട് നാലിന് അവസാനിച്ചു.
മാലിന്യം നീക്കിയ സ്ഥലത്ത് ബ്ലീച്ചിങ് പൗഡറും മറ്റും ഇട്ടുള്ള ശുചീകരണവും ഉദ്ഘാടനം ചെയ്താണ് സബ്ജഡ്ജി മടങ്ങിയത്. മാലിന്യം തള്ളുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ നിരീക്ഷിക്കാന്‍ പ്രദേശവാസികളും തൊഴിലാളികളും ഉള്‍പ്പെട്ട കമ്മിറ്റിയും രൂപവത്കരിച്ചു. കമ്മിറ്റി എല്ലാ ചൊവ്വാഴ്ചയും യോഗം ചേര്‍ന്ന് മാലിന്യ നീക്കവും വീഴ്ചകളും വിലയിരുത്തും.
പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പനക്ക് വരുന്ന പച്ചക്കറിയുടെ നിലവാരം പരിശോധിക്കാനാണ് ചൊവ്വാഴ്ച രാവിലെ സബ്ജഡ്ജി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയത്. പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നും പല കടകളും ഭക്ഷ്യ സുരക്ഷാ വകുപ്പിെന്റ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതികള്‍ ഉണ്ടായിരുന്നു.
പരിശോധനയില്‍ നിരവധി കടകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി. കറിവേപ്പില, മല്ലിയില, കോവക്ക, തക്കാളി, കാബേജ് എന്നിവയുടെ സാംപിള്‍ പരിശോധനക്ക് ശേഖരിച്ചു. ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ കെ.വി. ഷിബു, ഫുഡ് സേഫ്റ്റി ഒാഫിസര്‍ പി.ബി. ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് സബ്ജഡ്ജിനൊപ്പം ഉണ്ടായിരുന്നത്.
കടകളിലെ പരിശോധനക്കുശേഷമാണ് സമീപത്ത് മലപോലെ കുന്നുകൂടിയ മാലിന്യം സബ്ജഡ്ജി കണ്ടത്. ഇത് നീക്കാതെ പോകില്ലെന്ന് പറഞ്ഞ് ഒരു കസേരയും ഇട്ട് മാലിന്യത്തിനരികെതന്നെ അദ്ദേഹം ഇരിപ്പുറപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉള്‍പ്പെടെ ഗുരുതര സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് െപാലീസും കോര്‍പറേഷനില്‍നിന്ന് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും എത്തി. മുഴുവന്‍ മാലിന്യവും നീക്കാതെ പോകില്ലെന്ന് സബ്ജഡ്ജി വ്യക്തമാക്കിയതോടെ വാഹനങ്ങള്‍ എത്തിച്ച് മാലിന്യം നീക്കിത്തുടങ്ങി. വൈകീട്ട് നാലോടെ 12 ലോഡ് മാലിന്യമാണ് നീക്കിയത്.
മാലിന്യനീക്കത്തില്‍ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായി മേയര്‍ സൗമിനി ജയിന്‍ അറിയിച്ചു. കനത്ത മഴമൂലം തിങ്കളാഴ്ച മാലിന്യനീക്കത്തിലുണ്ടായ കാലതാമസമാണ് കുന്നുകൂടാന്‍ ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നും മേയര്‍ പറഞ്ഞു.