പി പി ചെറിയാന്‍
സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ഒക്ടോബര്‍ 26,27 തീയതികളില്‍ സെന്റ് കാതറിന്‍ ഓഫ് സിയന്ന പാരിഷില്‍ വച്ചു നടന്നു. ഒക്ടോബര്‍ 26 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് മിഷന്‍ ഡയറക്‌റ്റര്‍ റവ.ഡോ. സുനോജ് തോമസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം ആശീര്‍വദിച്ചുകൊണ്ട് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്‌ചയും നടന്നു. ശ്രീമതി ഷൈനി സ്‌കറിയ, ശ്രീ ഷൈജു ലോനപ്പന്‍ എന്നിവര്‍ ആയിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.
ഫാ. സുനോജ് തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയില്‍ അയണ്‍വുഡ് മിഷിഗന്‍ അവ്‌ര്‍ ലേഡി ഓഫ് പീസ് ഇടവക വികാരി റവ.ഫാ.ബിനു കിഴുകണ്ടയില്‍ സഹകാര്‍മ്മികന്‍ ആയിരുന്നു. വിശുദ്ധ ബലിക്കു ശേഷം ലദീഞ്ഞും നേര്‍ച്ചവിതരണവും നടന്നു. കാറ്റക്കിസം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളില്‍ മിഷനിലെ അമ്മമാര്‍ തയ്യാറാക്കിയ വിവിധയിനം നാടന്‍ പലഹാരങ്ങള്‍ പ്രത്യേക ശ്രദ്ധ നേടി.
തിരുനാളിന്റെ മുഖ്യദിവസമായ ഒക്ടോബര്‍ 27 ഞായറാഴ്‌ച സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക് കുട്ടികളും മുതിര്‍ന്നവരും സിസ്‌റ്റേഴ്‌സും അടങ്ങുന്ന ഇടവകജനങ്ങള്‍ അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു. 5.15ന് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. ഫാ. സുനോജ് തോമസ്, ഫാ. ബിനു കിഴുകണ്ടയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കാന്‍സാസിലെ പ്രശസ്‌ത കീബോര്‍ഡിസ്റ്റ് ജോണ്‍സണ്‍ സെബാസ്റ്റ്യനോടൊപ്പം അജു ജോണ്‍, ഷര്‍മിന്‍ ജോസ് , സോജാ അജു, മാസ്റ്റര്‍ എയ്‌ഡന്‍ ജോണ്‍ എന്നിവര്‍ നയിച്ച കൊയര്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമാക്കി. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ ഇടവകജനങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. പ്രദക്ഷിണം, ആശീര്‍വ്വാദം എന്നിവയ്‌ക്കു ശേഷം നടന്ന സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷം സമാപിച്ചു.